തിരുവനന്തപുരം: എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയായ തിരുവനന്തപുരത്ത് കടുത്ത സംഘർഷം. സംഘടനയിലെ ഭാരവാഹി തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ഒടുവിൽ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
സംസ്ഥാന കമ്മിറ്റിയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് മുൻ അധ്യക്ഷൻ ചവറ ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം സമ്മേളന വേദിയിൽ പ്രതിഷേധം ഉയർത്തി. ഈ പ്രതിഷേധം പിന്നീട് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷമായി മാറുകയായിരുന്നു.
വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് നേരെ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം നടത്തിയെന്ന് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവർ ആരോപിച്ചു. എന്നാൽ, പ്രതിഷേധക്കാർ അനാവശ്യമായ ബഹളമുണ്ടാക്കി സമ്മേളന നടപടികൾ തടസ്സപ്പെടുത്തുകയായിരുന്നുവെന്നാണ് എതിർവിഭാഗത്തിന്റെ വിശദീകരണം.
സംഘർഷത്തിനിടെ നേതാക്കളും പ്രവർത്തകരും പരസ്പരം തെറിവിളിക്കുകയും കുപ്പികൾ എറിയുകയും ചെയ്തു. സംഭവസ്ഥലത്ത് വലിയ രീതിയിലുള്ള പോർവിളികൾ അരങ്ങേറി.
സംഘടനാപരമായ നീതി ലഭിച്ചില്ലെങ്കിൽ കെ പി സി സിയുമായി ആലോചിച്ച് പുതിയ സംഘടന രൂപീകരിക്കുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ ഇപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

