ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ദില്ലിയിലും രാജസ്ഥാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചു. അന്തരീക്ഷത്തെയാകെ വിഴുങ്ങിക്കൊണ്ടുണ്ടായ പൊടിപടലങ്ങൾ പകൽ സമയത്ത് പോലും ഇരുട്ട് പരത്തി.
ബിക്കാനീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റോഡുകളിൽ കാഴ്ചപരിധി പൂർണ്ണമായും തടസ്സപ്പെട്ടത് ഗതാഗതത്തെ സാരമായി ബാധിച്ചു. മഞ്ഞ കലർന്ന തവിട്ടുനിറത്തിൽ അന്തരീക്ഷം മാറിയതോടെ ജനങ്ങൾ പരിഭ്രാന്തരായി.
കാറ്റിന്റെ തീവ്രത വർധിച്ചതോടെ പലയിടങ്ങളിലും കടകൾ നിർബന്ധപൂർവ്വം അടച്ചിടേണ്ടി വന്നു. മരച്ചില്ലകൾ ഒടിഞ്ഞുവീണും വൈദ്യുതി ബന്ധം തകരാറിലായതും ജനജീവിതത്തെ ദുസ്സഹമാക്കി.
കാലാവസ്ഥാ പ്രതികൂല സാഹചര്യങ്ങൾ തുടരുന്നതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജസ്ഥാനിലെ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ രേഖപ്പെടുത്തി.
ഇതിൽ ധോൽപൂർ ജില്ലയിലെ ബാരിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 58 മില്ലിമീറ്റർ. വരും മണിക്കൂറുകളിൽ ബിക്കാനീർ, ജയ്പൂർ, അജ്മീർ, ഭരത്പൂർ, കോട്ട, ജോധ്പൂർ, ഉദയ്പൂർ എന്നീ ഡിവിഷനുകളിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ജയ്പൂരിലെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദില്ലിയിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വേനൽച്ചൂടിനെ തുടർന്ന് ഭൂമി ചൂടുപിടിക്കുകയും അന്തരീക്ഷം അസ്ഥിരമാവുകയും ചെയ്യുന്ന സാഹചര്യമാണ് വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ഇത്തരമൊരു പ്രതിഭാസത്തിന് വഴിയൊരുക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ആദിത്യ സിംഗ് കുറിച്ചത് ഇപ്രകാരമാണ്: “Not a Hollywood movie effects , but a real Dust storm in Rajasthan .”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

