സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാകുന്ന ഡിജിറ്റൽ കൂട്ടായ്മയായ കോക്രോച്ച് ജനത പാർട്ടി (സിജെപി) സംബന്ധിച്ച നിലപാട് വ്യക്തമാക്കി ആർഎസ്എസ്. ജനാധിപത്യപരമായ വ്യവസ്ഥിതിയിൽ വ്യത്യസ്തമായ കാഴ്ചപ്പാടുകളും തുറന്ന സംവാദങ്ങളും ഉയർന്നു വരുന്നത് സ്വാഭാവികമായ നടപടിക്രമമാണെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി സുതാര്യമായ തെരഞ്ഞെടുപ്പുകളും സ്വതന്ത്ര മാധ്യമങ്ങളും ഒപ്പം സാമൂഹിക മാധ്യമങ്ങളും ഇന്ന് ലഭ്യമാണ്. ഇത്തരം വേദികളിൽ നടക്കുന്ന ചർച്ചകളെയും ഭിന്നാഭിപ്രായങ്ങളെയും അസ്വാഭാവികമായ ഒന്നായി കാണേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിഷയത്തിൽ ആർഎസ്എസിന്റെ ഇടപെടൽ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “ഇവയെല്ലാം സംഭാഷണങ്ങളാണ്, അതിൽ ഉൾപ്പെട്ടിരിക്കുന്നവർ തന്നെ ആ പ്രശ്നങ്ങൾ പരിഹരിക്കും. അവ കൈകാര്യം ചെയ്യാൻ പാകത്തിന് നമ്മുടെ മാധ്യമങ്ങൾ സ്വതന്ത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
രാഷ്ട്രീയ പാർട്ടികൾ പ്രാപ്തരാണ്, നമ്മുടെ സ്ഥാപനങ്ങളൊന്നും ദുർബലമല്ല. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അവയ്ക്കും നമ്മുടെ വ്യവസ്ഥിതിക്കും ശേഷിയുണ്ട്.
അതിനാൽ, ആർഎസ്എസ് ഇത്തരം കാര്യങ്ങളിൽ ഉടനടി ഇടപെടേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല”. രാജ്യത്തെ യുവതലമുറയിൽ തങ്ങൾക്ക് വലിയ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെൻ സി വിഭാഗത്തിൽപ്പെട്ട യുവാക്കൾ വലിയ പ്രതീക്ഷ നൽകുന്നവരാണ്.
“ഇന്ത്യയിലെ യുവതലമുറ എന്ത് ചെയ്താലും അത് ഭരണഘടനാപരമായ പ്രക്രിയയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ളതാകുമെന്നും അദ്ദേഹം” വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്കായി തങ്ങളുടെ ഊർജം വിനിയോഗിക്കുന്ന യുവജനങ്ങളുടെ സംഭാവനകൾ നിർണായകമാണെന്നും സുനിൽ അംബേക്കർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

