ശുചിമുറി മാലിന്യം കൊണ്ടുപോയ ടാങ്കർ ലോറി വിട്ടുകൊടുക്കുന്നതിന് വാഹന ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ചേർത്തല ഡിവൈഎസ്പി ടി.അനിൽകുമാർ (54)-നെ കോട്ടയം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് ചേർത്തലയിലെ വാടകവീട്ടിൽ വെച്ച് ഇദ്ദേഹം വിജിലൻസിന്റെ പിടിയിലായത്.
50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു നടപടി. വിജിലൻസ് സംഘത്തെ കണ്ടയുടൻ പ്രതി വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചു.
തുടർന്ന് വീടിന്റെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജിലൻസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചേർത്തല നഗരസഭയുടെ ശുദ്ധീകരണശാലയിലേക്ക് മാലിന്യം നീക്കം ചെയ്യുന്ന കരാറെടുത്ത ചേർത്തല സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ തുടർച്ചയായി കസ്റ്റഡിയിലെടുക്കുന്നതാണ് പ്രതിയുടെ രീതി.
പ്രതിസ്ഥാനത്തുള്ള ഡിവൈഎസ്പി ചുമതലയേറ്റെടുത്തതിന് ശേഷം പരാതിക്കാരന്റെ വാഹനങ്ങൾ നിരന്തരം പിടികൂടുന്നത് പതിവായിരുന്നെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. പ്രതിമാസം 25,000 രൂപ നൽകിയാൽ വാഹനങ്ങൾ പിടികൂടില്ലെന്നായിരുന്നു ആവശ്യം.
എന്നാൽ, പരാതിക്കാരൻ 15,000 രൂപ നൽകാമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം അത് അംഗീകരിച്ചില്ല. കൊല്ലത്തെ തന്റെ വീട് നിർമ്മാണത്തിനായി സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഏപ്രിൽ 29-ന് പരാതിക്കാരന്റെ രണ്ട് വാഹനങ്ങളും വർക്ക്ഷോപ്പിലുണ്ടായിരുന്ന മറ്റൊരു വാഹനവും ഇദ്ദേഹം കസ്റ്റഡിയിലെടുത്തിരുന്നു. ഒരു മാസത്തിന് ശേഷം മറ്റൊരു വാഹനം കൂടി കസ്റ്റഡിയിലെടുത്തു.
വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി സമീപിച്ച ഉടമയോട് വീണ്ടും രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും, പിന്നീട് ഇത് പ്രതിമാസം 25,000 രൂപ വീതം നൽകാമെന്ന നിബന്ധനയിലേക്ക് മാറുകയായിരുന്നു. ഇതിനെത്തുടർന്നാണ് വാഹന ഉടമ വിജിലൻസിൽ പരാതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

