എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (സിഎംആർഎൽ) എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി. 2.78 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.
ഈ തുക എന്തിനാണ് കൈമാറിയതെന്ന് കൃത്യമായി തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. ആദായ നികുതി വകുപ്പ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) എന്നിവർ നേരത്തെ ഉന്നയിച്ച ചോദ്യങ്ങൾ തന്നെയാണ് ഇ.ഡിയും പരിശോധിക്കുന്നത്.
വിവിധ ഏജൻസികളിൽ നിന്നും ലഭിച്ച രേഖകളും തിരുവനന്തപുരത്ത് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളും ക്രോഡീകരിച്ച ശേഷം വീണ വിജയനെ വിളിപ്പിച്ച് കൂടുതൽ ചോദ്യം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. കണക്കുകൾ പരിശോധിച്ചതിൽ 2.78 കോടി രൂപയിൽ 2.07 കോടി രൂപ വീണയ്ക്കും, 71 ലക്ഷം രൂപ എക്സാലോജിക്കിനും ലഭിച്ചതായി വ്യക്തമായിട്ടുണ്ട്.
സേവനം നൽകിയതിന്റെ പേരിൽ പണം ലഭിച്ചുവെന്ന് വീണ വാദിക്കുന്നുണ്ടെങ്കിലും അതിനുള്ള ആധികാരികമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ സാധിച്ചിട്ടില്ല. നേരത്തെ, ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1.72 കോടി രൂപ വീണയ്ക്ക് ലഭിച്ചതായി കണ്ടെത്തിയിരുന്നു.
ഇത് തീരുമാനങ്ങളെടുക്കുന്ന ഉന്നത വ്യക്തിയുടെ മകൾ എന്ന നിലയ്ക്കുള്ള ആനുകൂല്യമാണെന്ന നിഗമനത്തിൽ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് എത്തിയിരുന്നു. എന്നാൽ എസ്എഫ്ഐഒ നടത്തിയ വിശദമായ അന്വേഷണത്തിലാണ് 2.78 കോടിയുടെ ഇടപാടുകൾ പുറത്തുവന്നത്.
പിഎംഎൽഎ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് നിലവിൽ ഇ.ഡി പരിശോധിക്കുന്നത്. സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തയും വീണയും ചേർന്ന് പണം തട്ടിപ്പ് നടത്തിയെന്ന എസ്എഫ്ഐഒ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇതിന്റെ ഭാഗമായി ബാങ്ക് ലോക്കറുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കരാർ പ്രകാരം പണം നൽകിയെങ്കിലും സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ശശിധരൻ കർത്തയും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരും മൊഴി നൽകിയിട്ടുണ്ട്.
എക്സാലോജിക്കിൽ മുൻപ് പ്രവർത്തിച്ചിരുന്ന ജയ് നന്ദകുമാർ, ടി.കിരൺ എന്നിവരും ഇത്തരം ഇടപാടുകളെക്കുറിച്ച് അറിവില്ലെന്ന് മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

