വിമാനയാത്രകളിൽ സുരക്ഷയും സേവനവും ഉറപ്പാക്കുന്ന ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ വേതനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. എമിറേറ്റ്സ് വിമാനക്കമ്പനിയിലെ ക്യാബിൻ ക്രൂ അംഗങ്ങളുടെ പ്രതിമാസ വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇൻസ്റ്റാഗ്രാം പേജായ @panthi_22 വഴി പുറത്തുവന്നത്.
ഒരു ജീവനക്കാരന്റെ ശമ്പളം നിർണയിക്കുന്നതിൽ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. നിശ്ചിത അടിസ്ഥാന ശമ്പളം, ഫ്ലൈയിംഗ് പേ അഥവാ ജോലി ചെയ്യുന്ന മണിക്കൂറുകൾക്കുള്ള പ്രതിഫലം, കൂടാതെ വിദേശ രാജ്യങ്ങളിൽ തങ്ങുമ്പോൾ ലഭിക്കുന്ന ഓവർസീസ് മീൽ അലവൻസ് എന്നിവയാണവ.
ഇതിലെ അടിസ്ഥാന ശമ്പളമായി പ്രതിമാസം 4,980 ദിർഹം (ഏകദേശം 1.13 ലക്ഷം ഇന്ത്യൻ രൂപ) നിശ്ചയിച്ചിട്ടുണ്ട്. ഇതിനുപുറമെ, ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും 69.6 ദിർഹം നിരക്കിൽ ഫ്ലൈയിംഗ് പേ ലഭിക്കും.
സാധാരണയായി ഒരു മാസം 80 മുതൽ 100 മണിക്കൂർ വരെയാണ് ഇത്തരത്തിൽ ജോലി സമയം കണക്കാക്കുന്നത്. അതിനാൽ ലഭിക്കുന്ന ആകെ തുകയിൽ അതത് മാസത്തെ ഫ്ലൈറ്റ് ഷെഡ്യൂളുകൾക്കനുസരിച്ച് മാറ്റങ്ങൾ വരാം.
വിദേശ രാജ്യങ്ങളിൽ ലേ-ഓവർ സമയത്ത് നൽകുന്ന മീൽ അലവൻസും വരുമാനത്തിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ ജോലി സമയവും അസൈൻമെന്റുകളും കണക്കിലെടുക്കുമ്പോൾ ഒരു ക്യാബിൻ ക്രൂ അംഗത്തിന് ശരാശരി 11,244 ദിർഹം അഥവാ ഏകദേശം 2.94 ലക്ഷം ഇന്ത്യൻ രൂപ വരെ പ്രതിമാസം ലഭിക്കാമെന്നാണ് പോസ്റ്റിൽ പറയുന്നത്.
ഇതിന് പുറമേ, കമ്പനി നൽകുന്ന താമസ സൗകര്യം ഉപയോഗിക്കാത്ത ജീവനക്കാർക്ക് അധിക ആനുകൂല്യങ്ങളും ലഭിക്കും. അത്തരം സന്ദർഭങ്ങളിൽ പ്രതിമാസം 5,255 ദിർഹം (ഏകദേശം 1.32 ലക്ഷം രൂപ) അക്കൊമഡേഷൻ അലവൻസായും, 560 ദിർഹം (ഏകദേശം 14,000 രൂപ) ട്രാൻസ്പോർട്ട് അലവൻസായും നൽകുന്നുണ്ട്.
ശമ്പള ഘടനയെക്കുറിച്ചുള്ള ഈ വ്യക്തമായ വിവരണം വലിയ കൗതുകത്തോടെയാണ് സമൂഹമാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

