രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശ വിപണികളിലേക്കും രുചിയേറിയ മാമ്പഴം അയക്കുന്ന രാജ്യത്തെ പ്രധാന മാംഗോ സിറ്റിയായ മുതലമടയിൽ ഒരു സ്ഥിരം മാംഗോ റിസർച്ച് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം വ്യാപകമാകുന്നു. മാവ് കൃഷിയിൽ ശാസ്ത്രീയമായ പിന്തുണയോ ഗവേഷണ സംവിധാനങ്ങളോ ലഭ്യമല്ലാത്തത് കർഷകർക്ക് കടുത്ത വെല്ലുവിളിയാകുന്നുണ്ട്.
തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ പ്രവർത്തിക്കുന്ന മാതൃകയിൽ, മാമ്പഴ ഇനങ്ങളുടെ സംരക്ഷണം, രോഗനിയന്ത്രണം, ഉയർന്ന ഉൽപാദനശേഷിയുള്ള ഇനങ്ങൾ വികസിപ്പിക്കൽ, കയറ്റുമതി നിലവാര പരിശോധന എന്നിവ ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം ആവശ്യപ്പെടുന്നത്. കേരളത്തിൽ വാഴക്കുളത്ത് പൈനാപ്പിൾ റിസർച്ച് സ്റ്റേഷനും കണ്ണാറയിൽ ബനാന റിസർച്ച് സ്റ്റേഷനും പ്രവർത്തിക്കുന്നത് പോലെ മുതലമടയിലും ഒരു ഗവേഷണ കേന്ദ്രം അനിവാര്യമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
വിദഗ്ധ സേവനങ്ങളുടെ ആവശ്യം
കാലാവസ്ഥാ വ്യതിയാനം, അതിതീവ്രമായ ചൂട്, കീട-രോഗബാധ, ഉൽപാദനത്തിലെ കുറവ് എന്നിവ കർഷകരെ പ്രതിസന്ധിയിലാക്കുമ്പോൾ അവ പരിഹരിക്കാൻ കൃത്യമായ ശാസ്ത്രീയ മാർഗനിർദേശങ്ങൾ ലഭ്യമല്ല. തൈകളുടെ സംരക്ഷണം, പൂക്കാലത്തെ രോഗങ്ങൾ, കണ്ണിമാങ്ങയും പഴവും കൊഴിയുന്നത് എന്നിവ തടയാൻ ശാസ്ത്രജ്ഞരുടെ സേവനം അടിയന്തരമായി ആവശ്യമുണ്ട്.
വൈവിധ്യമാർന്ന മാമ്പഴക്കലവറ
വാളയാർ മുതൽ ചെമ്മണാംപതി വരെ നീളുന്ന പ്രദേശത്ത് അൽഫോൺസ മുതൽ നാട്ടുമാങ്ങകൾ വരെ നീളുന്ന വലിയ ശേഖരമാണുള്ളത്. ദോത്താപുരി (കിളിമൂക്ക്), ശെന്തൂരം, ബങ്കനപ്പള്ളി, ഹിമാപസന്ത്, മല്ലിക, കാലാപ്പാടി, സുവർണ രേഖ, ശർക്കരക്കുട്ടി, നീലം, മൽഗോവ, നടശാല, ഗുദാദത്ത്, ചന്ദ്രക്കാരൻ, പ്രിയൂർ, റുമാനിയ, ലഡു, ഗദ്ദാമാരി, കൽഗുണ്ട്, വാഴപ്പുവൻ, മുവാണ്ടൻ തുടങ്ങി മുപ്പത്തിയഞ്ചോളം ഇനങ്ങൾ ഇവിടെയുണ്ട്.
എന്നാൽ സംഭരണ സൗകര്യങ്ങളുടെ കുറവും വിലസ്ഥിരതയില്ലായ്മയും കർഷകരെ വലയ്ക്കുന്നു. റിസർച്ച് സ്റ്റേഷനോടൊപ്പം കോൾഡ് സ്റ്റോറേജ്, പ്രോസസിങ് യൂണിറ്റ്, മൂല്യവർധിത ഉൽപന്ന നിർമാണ കേന്ദ്രം എന്നിവ കൂടി സ്ഥാപിക്കണമെന്നാണ് ആവശ്യം.
അവസാനിക്കാത്ത പ്രഖ്യാപനങ്ങൾ
മുൻ മന്ത്രി കെ.പി.മോഹനൻ മുതലമട സീഡ് ഫാമിൽ കൃഷി വിജ്ഞാന കേന്ദ്രം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പായില്ല.
തുടർന്ന് മന്ത്രിയായിരുന്ന വി.എസ്.സുനിൽകുമാർ സീഡ് ഫാമിൽ മാങ്ങയ്ക്ക് ഊന്നൽ നൽകുന്ന അഗ്രോ പാർക്കും കൃഷി വിദഗ്ധന്റെ സേവനവും ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇത്തരം വാഗ്ദാനങ്ങളെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയതോടെ കർഷകർ നിരാശയിലാണ്.
മാവ് കൃഷിയുടെ നിലനിൽപ്പിനായി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര ഇടപെടൽ കർഷകർ പ്രതീക്ഷിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

