കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് സിദ്ധരാമയ്യ സഞ്ചരിച്ചിരുന്ന വിമാനം വഴിതിരിച്ചുവിട്ട
സാഹചര്യത്തിലാണ് കൂടിക്കാഴ്ച തടസ്സപ്പെട്ടത്. ഡൽഹിയിലേക്ക് യാത്ര തിരിച്ച വിമാനം കാലാവസ്ഥ മോശമായതിനെ തുടർന്ന് ജയ്പൂരിലേക്ക് മാറ്റുകയായിരുന്നു.
ഇതേത്തുടർന്ന് ഇന്നത്തേക്ക് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നാളെ രാവിലെ ഒമ്പത് മണിയിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്. രാജ്യസഭാ സീറ്റിലേക്ക് സിദ്ധരാമയ്യ മത്സരിക്കണമെന്ന നിർദേശം കോൺഗ്രസ് നേതൃത്വം മുന്നോട്ടുവെച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ജൂൺ 8 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതിനാൽ അന്തിമ തീരുമാനമെടുക്കാൻ അദ്ദേഹത്തിന് നേതൃത്വം സമയം നൽകിയിട്ടുണ്ട്.
കൂടാതെ, ഡൽഹി കേന്ദ്രീകരിച്ച് നിർണായകമായ ഏതെങ്കിലും പദവി അദ്ദേഹത്തിന് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. നീണ്ട
രാഷ്ട്രീയ ചർച്ചകൾക്കൊടുവിലാണ് കർണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചത്. മുഖ്യമന്ത്രി പദവി ഒഴിഞ്ഞതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ, താൻ കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും ദേശീയ തലത്തിലുള്ള പദവികൾ വഹിക്കാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തെ നേതൃത്വം രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും താൻ അത് നിരസിച്ചിരുന്നതായും അദ്ദേഹം അന്ന് അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

