ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീടുകളിലെ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും നേരെ പെരുമ്പാമ്പിന്റെ ആക്രമണം വർധിക്കുന്നു. തലവടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തുണ്ടിയിൽ ജോർജുകുട്ടിയുടെ വീട്ടിലാണ് ഏറ്റവും ഒടുവിലത്തെ സംഭവം നടന്നത്.
പുലർച്ചെയോടെ കോഴിക്കൂട്ടിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വലിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന ഭൂരിഭാഗം കോഴികളെയും പാമ്പ് ഇതിനകം വിഴുങ്ങിയിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ ഗ്രാമപഞ്ചായത്തംഗം അജിത് കുമാർ പിഷാരത്ത് ഇടപെടുകയും, സ്നേക്ക് റെസ്ക്യൂ പ്രവർത്തകനായ ചാർലി വർഗീസ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. തുടർന്ന് പിടികൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
സമാനമായ മറ്റൊരു സംഭവം രണ്ട് ദിവസം മുൻപ് താമരക്കുളത്തും റിപ്പോർട്ട് ചെയ്തിരുന്നു. വേണു എന്നയാളുടെ വീട്ടിലെ താറാവുകൂട്ടിൽ കയറിയ 12 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെയാണ് അന്ന് പിടികൂടിയത്.
രാവിലെ താറാവുകൾക്ക് തീറ്റ നൽകുന്നതിനിടെ കൂട്ടിൽ നിന്ന് കേട്ട അനക്കവും ശബ്ദവും ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.
തുടർന്ന് സർപ്പ വോളന്റിയറായ ഹരിലാൽ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. ജനവാസ മേഖലകളിൽ അടിക്കടി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശവാസികൾക്കിടയിൽ ആശങ്ക പടർത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

