കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ ബാലുശ്ശേരി എരമംഗലം മുഹമ്മദ് ആട്ടൂർ (56) എന്ന മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി.
കേസന്വേഷണത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കുടുംബം വ്യക്തമാക്കി. അന്വേഷണം ക്രൈം ബ്രാഞ്ചിൽ നിന്ന് മാറ്റേണ്ടതില്ലെന്നും പുതിയ സാഹചര്യത്തിൽ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാമിയുടെ ഭാര്യ റുക്സാന മാധ്യമങ്ങളോട് പറഞ്ഞു.
“വേണ്ട കാര്യങ്ങൾ ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കഴിവിന്റെ പരമാവധി ചെയ്യും എന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നും അവർ പറഞ്ഞു.” 2023 ഓഗസ്റ്റ് 21-നാണ് മാമിയെ കാണാതാകുന്നത്. തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറി.
എന്നാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാതായതിനെത്തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംഭവം നടന്ന് മൂന്ന് വർഷം പിന്നിടുമ്പോഴും മാമിക്ക് എന്ത് സംഭവിച്ചു എന്നതിൽ വ്യക്തത വരുത്താൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചിട്ടില്ല.
അന്വേഷണം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത കാലത്തായി 12 സൈബർ വിദഗ്ധരെ കൂടി പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മലപ്പുറം എസ്പി കെ.വി.സന്തോഷിനാണ് നിലവിൽ അന്വേഷണത്തിന്റെ ചുമതല.
ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ കോഴിക്കോട് വെച്ച് ചേർന്ന യോഗത്തിലാണ് സംഘത്തെ വിപുലീകരിക്കാൻ തീരുമാനമെടുത്തത്. വനിതാ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുള്ള പുതിയ സംഘം, സൈബർ വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

