എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കുറുപ്പുംപടിക്ക് സമീപമുള്ള മുടക്കുഴ പഞ്ചായത്തിലെ പെട്ടിമല പാറമടയിൽ യുവാവ് മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശിയായ ദിവ്യാൻഷു ജോഷി (26) ആണ് മരണപ്പെട്ടത്.
പരസ്യ ചിത്രീകരണത്തിന് മുന്നോടിയായി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വസ്ത്രനിർമാണ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിനായി എത്തിയ നാലംഗ സംഘത്തിലാണ് ദിവ്യാൻഷു ഉണ്ടായിരുന്നത്.
ചാലക്കുടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഏജൻസിക്കായിരുന്നു ചിത്രീകരണത്തിന്റെ ചുമതല. നാളെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി പഞ്ചായത്തിൽ നിന്നും ഔദ്യോഗിക അനുമതി തേടാനിരിക്കുകയായിരുന്നു സംഘമെന്ന് കോടനാട് പോലീസ് സ്ഥിരീകരിച്ചു.
ലൊക്കേഷൻ കാണാനെത്തിയ സംഘത്തിലെ അംഗങ്ങൾ പാറമടയുടെ പരിസരത്ത് പരിശോധന നടത്തിയിരുന്നു. ഇതിനിടെ വെള്ളത്തിലേക്ക് ഇറങ്ങിയ ദിവ്യാൻഷുവിന്റെ കാൽ വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ സംഭവസ്ഥലം മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന, നൂറിലധികം അടി താഴ്ചയുള്ള പാറമടയിൽ നടത്തിയ തിരച്ചിലിൽ 30 അടി താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെടുത്തു.
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടസാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചിട്ടുള്ള പ്രദേശമാണിത്. ഇതേ പാറമടയിൽ മുൻപും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

