രാജ്യത്തെ എണ്ണ, പ്രകൃതിവാതക ശേഖരങ്ങൾ കണ്ടെത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിപുലമായ പര്യവേക്ഷണ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിടുന്നു. പഴയകാല ഭൗമശാസ്ത്ര ഡാറ്റകൾ അത്യാധുനിക സങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടും പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഊർജ്ജ മേഖലയിൽ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമാണ് ഇത്തരമൊരു നടപടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹൈഡ്രോകാർബൺസ് എന്ന പെട്രോളിയം മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗമാണ് പദ്ധതിയുടെ ഏകോപനം നിർവ്വഹിക്കുന്നത്.
സീസ്മിക് പരിശോധനയും ആധുനിക സാങ്കേതികവിദ്യയും
പതിറ്റാണ്ടുകൾക്ക് മുൻപ് ശേഖരിച്ച ഭൂഗർഭ വിവരങ്ങൾ ഇന്നത്തെ അത്യാധുനിക ഇമേജിംഗ് സങ്കേതങ്ങൾ ഉപയോഗിച്ച് വിദഗ്ധർ പുനർമൂല്യനിർണ്ണയം നടത്തും. പഴയ സർവ്വേകളിൽ കണ്ടെത്താൻ സാധിക്കാതെ പോയ ഇന്ധന നിക്ഷേപങ്ങൾ പുതിയ പരിശോധനകളിലൂടെ കണ്ടെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
മെഡിക്കൽ സ്കാനിംഗിന് സമാനമായ രീതിയിൽ ശബ്ദതരംഗങ്ങൾ ഭൂമിക്കടിയിലേക്ക് കടത്തിവിട്ട്, അവ പ്രതിഫലിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഭൗമഘടനയെക്കുറിച്ച് പഠിക്കുന്നത്. അതിനൂതന കമ്പ്യൂട്ടിംഗ് സംവിധാനങ്ങളും ഡാറ്റാ പ്രോസസ്സിംഗും ഉപയോഗിക്കുമ്പോൾ കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാകുമെന്നും അതുവഴി പര്യവേക്ഷണത്തിനായുള്ള ഡ്രില്ലിംഗ് പോയിന്റുകൾ കൃത്യമായി നിശ്ചയിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
കിഴക്കൻ തീരത്ത് വമ്പൻ സർവ്വേ
ഇന്ത്യയുടെ കിഴക്കൻ തീരത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്ന വമ്പൻ സമുദ്ര പര്യവേക്ഷണ സർവ്വേ നടത്താനും സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമായും പൂർണിയ, മഹാനദി ബേസിൻ, കൃഷ്ണ ഗോദാവരി ബേസിൻ, കാവേരി ബേസിൻ, ആന്റമാൻ (ഈസ്റ്റ്) ബേസിൻ എന്നിവിടങ്ങളിലാകും സർവ്വേ നടക്കുക.
കടലിനടിയിലെ വാണിജ്യാടിസ്ഥാനത്തിലുള്ള എണ്ണ, വാതക നിക്ഷേപങ്ങളെക്കുറിച്ച് പഠിക്കാൻ പ്രത്യേക കമ്പനികളെ ചുമതലപ്പെടുത്തും. ഇറക്കുമതി ആശ്രയത്വം കുറയ്ക്കാൻ
നിലവിൽ രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
ആഗോളതലത്തിൽ ഉണ്ടാകുന്ന യുദ്ധസാഹചര്യങ്ങളും പ്രതിസന്ധികളും ഇന്ധന വിലയിൽ വലിയ ആഘാതം സൃഷ്ടിക്കാറുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി രാജ്യത്തിനകത്ത് തന്നെ പര്യവേക്ഷണവും ഉൽപ്പാദനവും വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഭൂമിക്കടിയിലെ നിക്ഷേപങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

