ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവംശിയെ അഭിനന്ദിക്കാൻ മടികാണിച്ച ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. വെറും 15 വയസ് മാത്രം പ്രായമുള്ള ഒരു കൗമാരതാരം തങ്ങളെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിട്ടും, അവനെക്കുറിച്ച് നല്ലൊരു വാക്ക് പറയാൻ ഓസ്ട്രേലിയൻ നായകനായ കമ്മിൻസ് തയ്യാറായില്ല എന്നത് കായിക മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് ശ്രീകാന്ത് വിമർശിച്ചു.
ബുധനാഴ്ച മുള്ളൻപൂരിൽ നടന്ന നിർണായക മത്സരത്തിൽ 29 പന്തിൽ 97 റൺസാണ് വൈഭവ് സൂര്യവംശി അടിച്ചുകൂട്ടിയത്. ഈ ഇന്നിംഗ്സിന്റെ കരുത്തിൽ രാജസ്ഥാൻ ഉയർത്തിയ 243 റൺസ് പിന്തുടർന്ന ഹൈദരാബാദിന് 196 റൺസ് മാത്രമേ നേടാനായുള്ളൂ.
47 റൺസിന്റെ പരാജയത്തോടെ ഹൈദരാബാദ് ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു. എന്നാൽ മത്സരശേഷം പ്രതികരിച്ച കമ്മിൻസ്, വൈഭവിന്റെ ബാറ്റിംഗ് മികവിനെ അംഗീകരിക്കുന്നതിന് പകരം തങ്ങളുടെ ബൗളർമാരുടെ പിഴവുകളാണ് റൺസ് വിട്ടുകൊടുക്കാൻ കാരണമെന്ന രീതിയിലാണ് സംസാരിച്ചത്.
ഇതിനെതിരെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീകാന്ത് രംഗത്തെത്തിയത്. “പാറ്റ് കമ്മിൻസ് വൈഭവ് സൂര്യവംശിയെക്കുറിച്ച് ഒരു നല്ല വാക്ക് പോലും പറയാതിരുന്നത് ശരിയായില്ല.
ബൗളിങ്ങിൽ പിഴവുകൾ വരുത്താൻ പാടില്ലായിരുന്നു എന്നും, അതുകൊണ്ടാണ് അവൻ റൺസ് നേടിയത് എന്നുമാണ് കമ്മിൻസ് പറയുന്നത്. അതിന് പകരം, ഇത്രയും അവിശ്വസനീയമായി കളിച്ച ആ 15-കാരനെ കമ്മിൻസ് അഭിനന്ദിക്കുകയായിരുന്നു വേണ്ടത്.
ഒരു 15 വയസ്സുകാരൻ വന്ന് നിങ്ങളെ തല്ലിച്ചതച്ച് ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. അവന് അർഹിക്കുന്ന പ്രശംസ നൽകാനുള്ള കായിക മര്യാദ കാണിക്കണമായിരുന്നു,” ശ്രീകാന്ത് കൂട്ടിച്ചേർത്തു.
ഈ മത്സരത്തോടെ ഐപിഎൽ പ്ലേഓഫ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (12 സിക്സറുകൾ) നേടുന്ന താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. നിലവിൽ 15 മത്സരങ്ങളിൽ നിന്ന് 680 റൺസോടെ ഓറഞ്ച് ക്യാപും ഈ കൗമാരതാരത്തിന്റെ കൈകളിലാണ്.
അതേസമയം, പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസിക്കെതിരെയും ശ്രീകാന്ത് ആഞ്ഞടിച്ചു. കമ്മിൻസിന് പകരം ഇഷാൻ കിഷനെ ഹൈദരാബാദ് സ്ഥിരം ക്യാപ്റ്റനാക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
“ഹൈദരാബാദ് മാനേജ്മെന്റ് ഇനി ചില വലിയ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഇത്തവണ സൺറൈസേഴ്സ് പ്ലേഓഫ് വരെ എത്തിയത് ഇഷാൻ കിഷന്റെ ക്യാപ്റ്റൻസി മികവ് കൊണ്ടാണ്, അല്ലാതെ കമ്മിൻസ് വന്നതുകൊണ്ടല്ല.
സാക്കിബ് ഹുസൈൻ, പ്രഫുൽ ഹിംഗെ തുടങ്ങിയ യുവ ബൗളർമാരെ കൃത്യമായി ഉപയോഗിച്ച് ടീമിനെ സെറ്റ് ചെയ്തത് കിഷനാണ്. കിഷൻ തന്നെ ക്യാപ്റ്റനായി തുടർന്നിരുന്നെങ്കിൽ ഹൈദരാബാദ് ഇതിലും മികച്ച പ്രകടനം നടത്തുമായിരുന്നു,” ശ്രീകാന്ത് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

