മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും 2016 മുതൽ 2021 വരെയുള്ള കാലയളവിൽ സിഎംആർഎലിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതായി എസ്എഫ്ഐഒ (SFIO) അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തൽ. ഇതിൽ 2.07 കോടി രൂപ നേരിട്ട് വീണാ വിജയനും 71 ലക്ഷം രൂപ എക്സാലോജിക് കമ്പനിക്കുമാണ് ലഭിച്ചത്.
2024 നവംബറിൽ സമർപ്പിക്കപ്പെട്ട ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമങ്ങൾ ഉൾപ്പെടുത്തി ഇ.ഡി കേസ് അന്വേഷിക്കുന്നത്.
അന്വേഷണ കണ്ടെത്തലുകൾ
2014-15 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം രൂപ മൂലധനവുമായി പ്രവർത്തനം തുടങ്ങിയ എക്സാലോജിക്, 2021-22 കാലഘട്ടമായപ്പോഴേക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകൾക്കും കോളേജുകൾക്കും വേണ്ടിയുള്ള ‘ഇൻമെഗ്’ എന്ന സോഫ്റ്റ്വെയർ ആയിരുന്നു പ്രധാന ഉൽപ്പന്നമെങ്കിലും, 2017-19 കാലയളവിൽ കരിമണൽ കമ്പനിയായ സിഎംആർഎൽ ആയിരുന്നു ഇവരുടെ പ്രധാന വരുമാന സ്രോതസ്സ്.
സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിക്ക് 13.41 ശതമാനം ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ. കരാറുകളും പണമിടപാടുകളും
സിഎംആർഎൽ ഡയറക്ടറായ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് വഴി എക്സാലോജിക്കിന് 50 ലക്ഷം രൂപ വായ്പ നൽകിയിരുന്നു.
ഇതിനു പുറമെ, സേവന കരാർ പ്രകാരം 2017 മാർച്ച് 2 മുതൽ മാസം 3 ലക്ഷം രൂപ വീതം കമ്പനിക്ക് നൽകി. ഇതിനിടെ, പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം 2017 ജനുവരി 1 മുതൽ വീണാ വിജയനെ 5 ലക്ഷം രൂപ പ്രതിമാസ വേതനത്തിൽ സിഎംആർഎല്ലിന്റെ ഐടി കൺസൾട്ടന്റായി നിയമിച്ചതായും റിപ്പോർട്ടിലുണ്ട്.
കൂടാതെ, 2017-19 കാലയളവിൽ മറ്റ് 12 സ്ഥാപനങ്ങളിൽ നിന്നായി 2.1 കോടി രൂപ കമ്പനിക്ക് ലഭിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. സേവനം ലഭിച്ചില്ലെന്ന് റിപ്പോർട്ട്
എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് ഒരുതരത്തിലുമുള്ള സേവനവും നൽകിയിട്ടില്ലെന്നാണ് എസ്എഫ്ഐഒ നിഗമനം.
ഈ നിഗമനം സാധൂകരിക്കുന്ന തരത്തിലുള്ള മൊഴികൾ എക്സാലോജിക് ജീവനക്കാരിൽ നിന്നും, സിഎംആർഎൽ ഐടി മേധാവിയിൽ നിന്നും, വീണാ വിജയനിൽ നിന്നും ലഭ്യമായിട്ടുണ്ടെന്ന് ഏജൻസി വ്യക്തമാക്കുന്നു. 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1.72 കോടി രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നെങ്കിലും, റെയ്ഡിന് ശേഷവും തുകയുടെ ഒഴുക്ക് തുടർന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഐടി സേവനത്തിന്റെ പേരിൽ വാങ്ങിയ തുക ഉപയോഗിച്ച് എക്സാലോജിക് നേരത്തെ എടുത്ത വായ്പ തിരിച്ചടച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

