മാസപ്പടി കേസ് അന്വേഷണത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ പരിശോധനയ്ക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നാല് സിപിഐഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായി. മനോജ്, ജീവന്, ശ്രീജിത്ത്, നിതിന്‍ രാജ് എന്നിവരാണ് പിടിയിലായത്.
സിപിഐഎം പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ അരങ്ങേറിയ സംഘര്‍ഷാവസ്ഥയ്ക്കൊടുവിലാണ് നടപടി. പ്രതിഷേധത്തിനിടെ, ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു.
പ്രതികളെ കസ്റ്റഡിയിലെടുക്കാനായി പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പോലീസിനെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ തടഞ്ഞു. സംഭവസ്ഥലത്തെത്തിയ എഡിജിപി എച്ച് വെങ്കിടേഷ്, പ്രതികളെ പിടികൂടുമെന്ന് വ്യക്തമാക്കിയെങ്കിലും പാര്‍ട്ടി ഓഫീസിനുള്ളിലേക്ക് പോലീസ് കടക്കില്ലെന്ന് അറിയിക്കുകയുണ്ടായി.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കൃത്യം 23-ാം ദിവസമാണ് ഈ റെയ്ഡ് നടക്കുന്നത്. അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടികളുമായി കേന്ദ്ര ഏജന്‍സി മുന്നോട്ട് പോയത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെ കേന്ദ്ര റിസര്‍വ് പോലീസിന്റെ സഹായത്തോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇന്ന് പുലര്‍ച്ചെ 5.45 മുതല്‍ സിഎംആര്‍എല്ലുമായും വീണാ വിജയനുമായും ബന്ധമുള്ള പത്തിടങ്ങളില്‍ ഒരേസമയം റെയ്ഡ് പുരോഗമിക്കുകയാണ്.
പിണറായിയിലെ പാണ്ട്യാല മുക്കിലെ വസതിയിലും, തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വസതിയിലും ഇഡി സംഘം പരിശോധന നടത്തി. റെയ്ഡ് സമയത്ത് പിണറായി വിജയനും മകള്‍ വീണയും തിരുവനന്തപുരത്തെ വസതിയിലുണ്ടായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക പോലീസും സിപിഐഎം പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. കണ്ണൂരിലെ വസതിക്ക് മുന്നില്‍ നേരത്തെ തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു.
തിരുവനന്തപുരത്ത് രാവിലെ പത്തരയോടെയാണ് പ്രതിഷേധം ശക്തമായത്. ജില്ലാ നേതാക്കള്‍ക്ക് പുറമെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

