തിരുവനന്തപുരം ബേക്കറി ജംക്ഷനിലുള്ള വാടക വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയ്ക്കിടെ വൻ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.
സഞ്ജീവ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാസപ്പടി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി തടസ്സം നീക്കിയതിന് പിന്നാലെയാണ് ഇഡി പരിശോധനയ്ക്കായി എത്തിയത്.
പ്രതികൾ വീണ്ടും കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ട് കേന്ദ്ര അനുമതിയോടെ അടിയന്തര നീക്കം നടത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ എന്നിവർ പരിധിയിലുണ്ടെന്ന് ഇഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഏകദേശം എട്ട് മണിക്കൂർ നീണ്ടുനിന്ന പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തിറങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി. സ്ഥലത്ത് തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ ഉദ്യോഗസ്ഥരുടെ വാഹനം തടയുകയും ആക്രമിക്കുകയും ചെയ്തു.
വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ തകർക്കപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ പോലീസ് ലാത്തിച്ചാർജ് നടത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
സംഘർഷത്തിനിടെ ഉദ്യോഗസ്ഥർക്കും പ്രവർത്തകർക്കും പരിക്കേറ്റു. കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ വാഹനത്തിന്റെ ചില്ല് തകർന്ന് സിപിഎം പ്രവർത്തകന്റെ കൈക്ക് സാരമായ പരിക്കേറ്റു.
കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്ങളെ ആക്രമിച്ചത് കല്ലും മരക്കഷ്ണങ്ങളും കൊണ്ടാണെന്ന് ഇഡി വാഹനത്തിന്റെ ഡ്രൈവർ പ്രതികരിച്ചു.
സംഭവസമയത്ത് ആവശ്യമായ പോലീസ് സുരക്ഷയുണ്ടായിരുന്നില്ലെന്നും, പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും ആരോപണമുണ്ട്. നിലവിൽ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

