ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ഉയർന്ന എബോള ഭീതി ഒഴിഞ്ഞു.
ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച യുവതിയുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവിൽ ആർക്കും എബോള സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച ഔദ്യോഗികമായി വ്യക്തമാക്കി.
ആഫ്രിക്കൻ രാജ്യങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി അതീവ ജാഗ്രത പാലിക്കുന്നുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച യുവതിയെ ബെംഗളൂരുവിലെ സർക്കാർ പകർച്ചവ്യാധി ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് പരിശോധനകൾക്ക് വിധേയയാക്കിയത്.
കർണാടക ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, മേയ് 23നാണ് 28 വയസ്സുള്ള ഉഗാണ്ട സ്വദേശിനിയായ യുവതി ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയത്.
എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ നടത്തിയ സ്ക്രീനിംഗിൽ ഇവർക്ക് കടുത്ത പനി ഇല്ലായിരുന്നെങ്കിലും കടുത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നു. തുടർന്ന് മുൻകരുതൽ എന്ന നിലയിൽ സാംപിളുകൾ എബോള പരിശോധനയ്ക്കായി ശേഖരിക്കാൻ അധികൃതർ തീരുമാനിച്ചു.
വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി ഹോട്ടലിൽ താമസിച്ചിരുന്ന യുവതിക്ക് പിന്നീട് ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ദിരാനഗറിലെ പകർച്ചവ്യാധി ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
പൂണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച സാംപിളുകളുടെ വിശദമായ റിപ്പോർട്ട് കൂടി വന്ന ശേഷം, സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ആവശ്യമെങ്കിൽ തുടർപരിശോധനകൾ നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

