ഊർജസുരക്ഷ ഉറപ്പാക്കുന്നതിനും നിർണായക ധാതുവിഭവങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനും ലക്ഷ്യമിട്ട് ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ യോഗം ചേർന്നു. ന്യൂഡൽഹിയിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അധ്യക്ഷത വഹിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മൊതെഗി, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. പ്രധാന തീരുമാനങ്ങൾ നിർണായക ധാതുമേഖലയിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ 2000 കോടി ഡോളർ സമാഹരിക്കാൻ യോഗത്തിൽ ധാരണയായി.
ഖനിസംരക്ഷണം, വിതരണ ശൃംഖലയുടെ സുസ്ഥിരത എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, ഊർജ വിതരണം കാര്യക്ഷമമാക്കാൻ ‘ഇന്ത്യ–പസിഫിക് എനർജി സെക്യൂരിറ്റി’ എന്ന പുതിയ സംവിധാനത്തിനും തുടക്കമിട്ടു.
സമുദ്രഗതാഗത നിരീക്ഷണവും വിവര കൈമാറ്റവും ലക്ഷ്യമിട്ടുള്ള ‘ഇന്ത്യ–പസിഫിക് മാരിടൈം സർവൈലൻസ് കൊളാബറേഷൻ’ (ഐപിഎംഎസ്സി) എന്ന സംവിധാനവും പ്രഖ്യാപിക്കപ്പെട്ടു. ഫിജിയിൽ തുറമുഖ നിർമാണത്തിൽ ക്വാഡ് പങ്കാളിയാകുമെന്നും സമ്മേളനം വ്യക്തമാക്കി.
ഇന്ത്യ-യുഎസ് ധാതു കരാർ അപൂർവ ധാതുക്കളുടെ സംസ്കരണം, വിതരണം, നിക്ഷേപം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും യുഎസും പുതിയ ചട്ടക്കൂട്ടിൽ ഒപ്പുവച്ചു. ചൈനയുടെ ആധിപത്യം വർധിക്കുന്ന പശ്ചാത്തലത്തിൽ ഈ നീക്കം ഏറെ പ്രാധാന്യമർഹിക്കുന്നു.
എസ്.ജയശങ്കർ, മാർക്കോ റൂബിയോ എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. മേഖലാ സുരക്ഷയും ചൈനയുടെ പ്രതികരണവും ഇന്ത്യ-പസിഫിക് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്തു.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും ചൈനാക്കടലിലെ സൈനിക നീക്കങ്ങളും ആശങ്കയുണ്ടാക്കുന്നതായി അംഗരാജ്യങ്ങൾ വിലയിരുത്തി. തടസ്സമില്ലാത്ത കപ്പൽ സഞ്ചാരം ഉറപ്പാക്കേണ്ടതുണ്ടെന്ന് യോഗം ആവർത്തിച്ചു.
അതേസമയം, ക്വാഡ് കൂട്ടായ്മയ്ക്കെതിരെ ചൈന പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. ചില രാജ്യങ്ങൾ മാത്രമുള്ള ഇത്തരം കൂട്ടായ്മകളെ അംഗീകരിക്കുന്നില്ലെന്ന് ചൈന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

