കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തമായി. കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസും കെഎസ്യു പ്രവർത്തകരും ചേർന്ന് എസ്എഫ്ഐ നേതാക്കളെ മർദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഇന്നലെ വൈകിട്ട് 3ന് കാൾടെക്സ് ജംക്ഷനിൽനിന്നു ആരംഭിച്ച മാർച്ചിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു. ടൗൺ സ്റ്റേഷന് എതിർവശത്തുള്ള സിവിൽ സ്റ്റേഷൻ ഗേറ്റിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് തടഞ്ഞെങ്കിലും, മതിലിന്റെ ഭാഗം തകർത്ത് പ്രവർത്തകർ ഉള്ളിൽ കടന്നു.
തുടർന്ന് കമ്മിഷണർ ഓഫിസ് പരിസരം അരമണിക്കൂറോളം സംഘർഷഭരിതമായി. പ്രതിഷേധക്കാർ സിറ്റി പൊലീസ് കമ്മിഷണറുടെ ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തി.
കാറിന്റെ ഏരിയൽ തകർക്കുകയും, പൊലീസിന്റെ ഹെൽമറ്റ് ഉപയോഗിച്ച് ചില്ലിൽ അടിക്കുകയും ചെയ്തു. ഓഫിസ് മുറ്റത്തെ പൂച്ചട്ടികൾ തകർക്കുകയും അവ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ല് തകർക്കാൻ ശ്രമിക്കുകയും ചെയ്തു.
പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങി ഒടിക്കുകയും, ഉദ്യോഗസ്ഥരുടെ ജാക്കറ്റും തൊപ്പിയും ഷീൽഡും ബലമായി തട്ടിയെടുക്കുകയും ചെയ്തു. സംഘർഷത്തിനിടെ രണ്ടു പൊലീസുകാർക്ക് പരുക്കേറ്റതായാണ് വിവരം.
പൊലീസ് ആത്മസംയമനം പാലിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഡിഐജി യതീഷ് ചന്ദ്ര, കമ്മിഷണർ നിധിൻ രാജ് എന്നിവർ സംഭവസ്ഥലത്തുണ്ടായിരുന്നു.
എസ്എഫ്ഐ സെക്രട്ടേറിയറ്റ് അംഗം ടി.പി.അഖില സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി.ആദർശ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ജോയൽ തോമസ് തുടങ്ങിയവർ സംസാരിച്ചു. 117 പേർക്കെതിരെ കേസ്
സംഭവവുമായി ബന്ധപ്പെട്ട് ടൗൺ പൊലീസ് 117 പേർക്കെതിരെ കേസെടുത്തു.
ജോയൽ തോമസ്, ടി.പി.ആദർശ്, ടി.പി.അഖില, കെ.കെ.ഗിരീഷ്, കെ.എം.വൈഷ്ണവ്, സി.വി.ഹരികൃഷ്ണൻ, അതുൽരാജ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

