അമേരിക്കയിലെ വെർജീനിയയിലുള്ള സൂപ്പർമാർക്കറ്റിൽ ഉണ്ടായ കവർച്ചാശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിയായ ഇന്ത്യൻ വംശജ വെടിയേറ്റു മരിച്ചു. മേഘ്നാബെൻ പട്ടേൽ (45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ പത്ത് വർഷമായി ഇതേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു ഇവർ. സംഭവത്തെത്തുടർന്ന് അമേരിക്കൻ പോലീസ് പ്രദേശം വളയുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
മാസ്കും ഗ്ലൗസും ധരിച്ച് സൂപ്പർമാർക്കറ്റിലേക്ക് പ്രവേശിച്ച അക്രമി, മേഘ്നാബെന്നുമായുള്ള സംഭാഷണത്തിനിടെ തന്റെ ജാക്കറ്റിനുള്ളിൽ നിന്ന് തോക്കെടുത്ത് രണ്ട് തവണ വെടിയുതിർക്കുകയായിരുന്നു. ഇവർ താഴെ വീണ ഉടൻ തന്നെ, കൗണ്ടറിന് മുകളിലേക്ക് ചാടിക്കയറിയ പ്രതി ഒരു തവണ കൂടി വെടിയുതിർത്ത ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ബിജാപുർ മേഖലയിലുള്ള ജന്ത്രാൽ ഗ്രാമമാണ് മേഘ്നാബെൻ പട്ടേലിന്റെ സ്വദേശം. ഭർത്താവ് ഉപേന്ദ്രഭായ് പട്ടേൽ, മകൾ നക്ഷി, മകൻ സ്മിത്ത് എന്നിവരടങ്ങുന്നതാണ് ഇവരുടെ കുടുംബം.
ജന്ത്രാലിലാണ് ഇവരുടെ മാതാപിതാക്കളായ കർസൻഭായിയും കപിലാബെന്നും താമസിക്കുന്നത്.

