ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റിൽ ഉണ്ടായ ഗുരുതരമായ വീഴ്ചയെത്തുടർന്ന് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായതായി റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഗേറ്റ് അടയ്ക്കാത്ത അവസ്ഥയിൽ ജാംനഗർ–തിരുനെൽവേലി ട്രെയിൻ പാളത്തിലൂടെ കടന്നുവന്നത്.
കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും അടക്കം നിരവധി യാത്രികർ ഗേറ്റ് കടക്കാൻ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ സംഭവം. ചാറ്റൽ മഴയുണ്ടായിരുന്നതിനാൽ ദൂരത്തുനിന്നും ട്രെയിൻ വരുന്നത് പെട്ടെന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.
ഈ സമയം ആ വഴി കടന്നുവരികയായിരുന്ന ആയാപറമ്പ് ആലമ്പള്ളിൽ മണിക്കുട്ടൻ തന്റെ അനുഭവത്തെക്കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “റെയിൽവേ ഗേറ്റിലേക്ക് ബൈക്ക് കടന്നപ്പോഴാണ് ദൂരെ നിന്ന് ട്രെയിൻ വരുന്നത് കണ്ടത്. പിന്നിലിരുന്ന മകൾ ട്രെയിൻ വരുന്നു എന്നു പറഞ്ഞ് ബഹളമുണ്ടാക്കി ബൈക്കിൽ നിന്ന് ഇറങ്ങി.
പിന്നീട് ബൈക്ക് പെട്ടെന്ന് റോഡിലേക്ക് മാറ്റുകയായിരുന്നു.” ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ട വാഹന യാത്രക്കാർ ഉടൻ തന്നെ ഗേറ്റ് കീപ്പറുടെ മുറിയിലേക്ക് ഓടിയെത്തി വിവരം അറിയിക്കുകയായിരുന്നു.
ഈ സമയം ഗേറ്റ് കീപ്പർ മൊബൈൽ ഫോണിൽ വ്യാപൃതനായിരുന്നുവെന്ന് യാത്രക്കാർ ആരോപിക്കുന്നു. വിവരമറിഞ്ഞ് പുറത്തിറങ്ങിയ ഗേറ്റ് കീപ്പർ ഉടൻ ഗേറ്റ് അടച്ചു.
സിഗ്നൽ ലഭിക്കാത്ത സാഹചര്യത്തിൽ ലോക്കോ പൈലറ്റ് ട്രെയിൻ ഗേറ്റിന് തൊട്ടുമുന്നിൽ നിർത്തിയത് വൻ ദുരന്തം ഒഴിവാക്കാൻ സഹായകമായി. ചട്ടപ്രകാരം ഗേറ്റ് അടയ്ക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി ഗേറ്റ് അടച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ മുന്നോട്ട് പോകാൻ പാടുള്ളൂ.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് റെയിൽവേ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗേറ്റ് കീപ്പർക്ക് അനുഭവപ്പെട്ട
ആരോഗ്യപ്രശ്നങ്ങളാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, സംഭവത്തിൽ കൃത്യവിലോപം നടന്നതായി ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. സംഭവസ്ഥലത്തെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

