തമിഴ്നാട്ടിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നതോടെ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നടപ്പിലാക്കുന്ന ദീർഘകാല രാഷ്ട്രീയ തന്ത്രങ്ങൾ ചർച്ചയാകുന്നു. സാമൂഹിക നീതിയും ജാതിസമവാക്യങ്ങളും മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ മന്ത്രിസഭ, സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമിടുന്നത്.
പുതിയ മന്ത്രിസഭയിൽ ദളിത് വിഭാഗത്തിന് ചരിത്രപരമായ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. മന്ത്രിസഭയിലെ ദളിത് മന്ത്രിമാരുടെ എണ്ണം എട്ടായി ഉയർത്തിയത് ശ്രദ്ധേയമായി.
ഇതോടൊപ്പം തന്നെ, മുന്നാക്ക വിഭാഗങ്ങളെയും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ ടിവികെ ശക്തമാക്കിയിട്ടുണ്ട്. 1952-ന് ശേഷം ആദ്യമായാണ് ജനസംഖ്യയിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രം പ്രാതിനിധ്യമുള്ള ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് രണ്ട് പേർ മന്ത്രിസഭയിൽ ഇടംപിടിക്കുന്നത്.
മൈലാപ്പൂർ എംഎൽഎയും ടിവികെ ട്രഷററുമായ പി വെങ്കട്ടരമണൻ വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തപ്പോൾ, പാർട്ടിയുടെ പ്രമുഖ വക്താവും 31 കാരനുമായ ശ്രീരംഗം എംഎൽഎ രമേശ് രണ്ടാം ഘട്ടത്തിൽ ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. മറ്റ് പ്രധാന രാഷ്ട്രീയ കക്ഷികൾ ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവരെ സ്ഥാനാർത്ഥികളാക്കാൻ മടി കാണിച്ച സാഹചര്യത്തിലാണ് വിജയ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
ഉത്തർപ്രദേശിൽ മായാവതി പയറ്റിയ സാമൂഹിക എൻജിനീയറിംഗ് തന്ത്രങ്ങളുടെ ദ്രാവിഡ പതിപ്പാണ് വിജയ് ഇവിടെ ആവിഷ്കരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ദളിത്, ക്രിസ്ത്യൻ വോട്ടുകളിൽ ഉണ്ടായ വ്യതിയാനം കൊളത്തൂരിൽ എം കെ സ്റ്റാലിന്റെ പരാജയത്തിന് കാരണമായെന്ന് ഡിഎംകെ വൃത്തങ്ങൾ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ മുസ്ലീം വിഭാഗത്തിൽ നിന്ന് രണ്ട് മന്ത്രിമാരെ കൂടി ക്യാബിനറ്റിൽ ഉൾപ്പെടുത്തി ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ മുന്നിൽക്കണ്ട് ദളിത് വോട്ടുബാങ്കിനൊപ്പം മറ്റ് സമുദായങ്ങളുടെ കൂടി പിന്തുണ ഉറപ്പാക്കാനാണ് ടിവികെയുടെ ഈ തന്ത്രപരമായ മുന്നേറ്റം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

