തിരുവനന്തപുരം പാളയത്തുണ്ടായ എസ്എഫ്ഐ–കെഎസ്യു സംഘർഷത്തിന് പൂർണ ഉത്തരവാദിത്വം പൊലീസിനാണെന്ന് എ എ റഹീം എംപി. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറിയതെന്നും ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസിന്റെ ഒത്താശയോടെയാണ് കെഎസ്യു പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കാൻ മുതിർന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “പൊലീസ് ആദ്യം മുതൽ അവസാനം വരെ ഏകപക്ഷീയമായി തന്നെയാണ് പെരുമാറിയത്” എന്ന് എ എ റഹീം പ്രതികരിച്ചു.
കെഎസ്യു പ്രവർത്തകരെ നീക്കം ചെയ്യുന്നതിന് പകരം, വി ഡി സതീശൻ ഭക്തിയിൽ എസ്എഫ്ഐ പ്രവർത്തകർക്കു നേരെ തിരിയുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് ഏകപക്ഷീയമായി ലാത്തിച്ചാർജ് നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എസ്എഫ്ഐ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷം ആരംഭിച്ചത്. സർവകലാശാലയിലെ 37 സീറ്റുകളിൽ 35 എണ്ണത്തിലും എസ്എഫ്ഐ വിജയിച്ചിരുന്നു.
ശിവ എസ് ആണ് പുതിയ യൂണിയൻ ചെയർമാൻ. കെഎസ്യു രണ്ട് സീറ്റുകളിൽ വിജയിച്ചു.
രക്തസാക്ഷി ധീരജിന്റെ ചിത്രം ഉയർത്തിപ്പിടിച്ചായിരുന്നു വിജയാഹ്ലാദ പ്രകടനം നടന്നത്. പ്രകടനത്തിന് നേരെ കെഎസ്യു പ്രവർത്തകർ കല്ലെറിയുകയും പൊലീസ് വാഹനം ആക്രമിക്കുകയും ചെയ്തതായി എസ്എഫ്ഐ ആരോപിച്ചു.
സംഘർഷം നിയന്ത്രണാതീതമായതോടെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. മുതിർന്ന നേതാവ് എം വി ജയരാജൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി നടത്തിയ ഇടപെടലിലൂടെയാണ് സംഘർഷം തണുപ്പിച്ചത്.
അക്രമം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ എം വി ജയരാജൻ, പ്രകോപനമില്ലാതെയാണ് പ്രവർത്തകർക്കു നേരെ അക്രമം നടന്നതെന്ന് ആരോപിച്ചു. “ഒരു പ്രകോപനവുമില്ലായിരുന്നു.
വിജയിച്ചവരെ സ്വീകരിച്ചുകൊണ്ടുള്ള പ്രകടനം നടത്തുന്നതിനിടയിൽ എസ്എഫ്ഐ പ്രവര്‍ത്തകരെ അക്രമിക്കേണ്ട കാര്യമെന്താ.
നാമമാത്രമായ കെഎസ്യു പ്രവര്ത്തകന്മാരെ പൊലീസിന് നീക്കം ചെയ്യാവുന്നതേയുള്ളു. അവര്‍ കല്ലെറിയുക, കല്ലെറിയുന്നവരെ സംരക്ഷിക്കുന്ന പൊലീസ്.
ഇതാണോ ചെന്നിത്തലയുടെ പൊലീസ്. എസ്എഫ്ഐ പ്രവര്‍ത്തകരെ ഏകപക്ഷീയമായി കെഎസ്യുവിന്റെ ക്രിമിനല്‍ സംഘവും പൊലീസും ചേര്‍ന്ന് വേട്ടയാടുകയാണ്” എന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

