തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറുന്നു. അണ്ണാ ഡിഎംകെയിൽ സി വി ഷൺമുഖം നേതൃത്വം നൽകുന്ന പക്ഷത്തുനിന്ന് മൂന്ന് എംഎൽഎമാർ തങ്ങളുടെ പദവികളിൽ നിന്ന് രാജിവെക്കുകയും നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെയിൽ ചേരുകയും ചെയ്തു.
അതേസമയം, വിമത പക്ഷത്തായിരുന്ന അഞ്ച് എംഎൽഎമാർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമിയുടെ ക്യാമ്പിലേക്ക് മടങ്ങിയെത്തി. ഇന്ന് രാവിലെ മുതൽ ആരംഭിച്ച അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ നീക്കങ്ങൾ ഉച്ചയോടെയാണ് കൂടുതൽ സജീവമായത്.
പന്റൂട്ടി എംഎൽഎ മോഹൻ, ആർക്കാട് എംഎൽഎ സുകുമാർ, കാങ്കേയം എംഎൽഎ എൻഎസ്എൻ നടരാജൻ, ശങ്കരൻകോവിൽ എംഎൽഎ ദിലീപൻ എന്നിവരാണ് ഇപിഎസ് ക്യാമ്പിൽ തിരിച്ചെത്തിയ പ്രമുഖർ. ഇതോടെ, പളനിസാമി വിഭാഗത്തിനുള്ള പിന്തുണ 27 എംഎൽഎമാരായി വർധിച്ചു.
മറുഭാഗത്ത്, മധുരാന്തകം എംഎൽഎ മരകതം കുമരവേൽ, താരാപുരം എംഎൽഎ സത്യഭാമ, പെരുന്തുറൈ എംഎൽഎ ജയകുമാർ എന്നിവർ സ്പീക്കർ ജിസിഡി പ്രഭാകരന് രാജിക്കത്ത് നൽകി. തുടർന്ന് മന്ത്രി ആദവ് അർജുനയെ നേരിൽ കണ്ട് ഇവർ ടിവികെയിൽ അംഗത്വം സ്വീകരിച്ചു.
25 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ടിരുന്ന സി വി ഷൺമുഖം വിഭാഗത്തിന്റെ ബലം ഇതോടെ 17 ആയി ചുരുങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ എംഎൽഎമാർ പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
കേവല ഭൂരിപക്ഷത്തിന് 118 എംഎൽഎമാരുടെ പിന്തുണ വേണ്ട സാഹചര്യത്തിൽ, നിലവിൽ 107 എംഎൽഎമാരാണ് ടിവികെയ്ക്ക് സ്വന്തമായുള്ളത്.
കൂടുതൽ അണ്ണാ ഡിഎംകെ എംഎൽഎമാരെ രാജിവെപ്പിച്ച്, ഉപതിരഞ്ഞെടുപ്പുകളിലൂടെ ഭൂരിപക്ഷം ഉറപ്പാക്കാനാണ് ടിവികെയുടെ തന്ത്രപരമായ നീക്കം. അതേസമയം, എസ് പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സി വി ഷൺമുഖവും സംഘവും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.
ഈ വിഷയത്തിൽ നിയമസഭയിൽ അന്തിമ തീരുമാനം അറിയിക്കുമെന്ന് സ്പീക്കർ ജെസിഡി പ്രഭാകർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

