ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാന്‍ ഏറ്റവും മികച്ച സാധ്യതയുള്ള ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍. സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദ് ടീമിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിരയുടെ കരുത്തിനെക്കുറിച്ചാണ് അക്സര്‍ പട്ടേല്‍ എടുത്തുപറഞ്ഞത്. “ഹൈദരാബാദ് വളരെ ശക്തമായ ഒരു ടീമാണെന്നാണ് ഞാന്‍ കരുതുന്നത്.
അവരുടെ ആദ്യ മൂന്ന് ബാറ്റര്‍മാരും റണ്‍സ് കണ്ടെത്തുമ്പോള്‍ അവരെ തോല്‍പ്പിക്കുക അസാധ്യമാണ്.” പ്ലേഓഫില്‍ ഈ ബാറ്റിങ് നിര ഫോമിലായാല്‍ അവരെ തടയാന്‍ മറ്റ് ടീമുകള്‍ക്ക് കഠിനമായി പരിശ്രമിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 55 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് പ്ലേഓഫ് ബര്‍ത്ത് ഉറപ്പിച്ചത്.
ഇത്തവണത്തെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ആറാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഫിനിഷ് ചെയ്തത്. ടൂര്‍ണമെന്റിന്റെ മധ്യഘട്ടത്തില്‍ നേരിട്ട
തുടര്‍ച്ചയായ പരാജയങ്ങളാണ് ടീമിന് തിരിച്ചടിയായത്. അവസാന മൂന്ന് മത്സരങ്ങളിലും വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചെങ്കിലും പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനങ്ങളിലേക്ക് എത്തുന്നതില്‍ ടീം പരാജയപ്പെട്ടു.
ഇതോടെ തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഡല്‍ഹി പ്ലേഓഫ് കാണാതെ പുറത്താകുന്നത്. പഞ്ചാബ് കിങ്സ്, ആര്‍സിബി എന്നിവര്‍ക്കെതിരായ തോല്‍വികളും, ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ചെറിയ ലക്ഷ്യം മറികടക്കാന്‍ സാധിക്കാതെ പോയതും ടീമിന്റെ മുന്നേറ്റത്തെ ബാധിച്ചുവെന്ന് അക്സര്‍ സമ്മതിച്ചു.
ക്യാപ്റ്റന്‍ എന്ന നിലയിലുള്ള തന്റെ അനുഭവത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ക്യാപ്റ്റന്‍ എന്ന നിലയില്‍ ഈ ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ടൂര്‍ണമെന്റില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ടീമിലെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട്.
നമ്മള് ശാന്തമായിരുന്നില്ലെങ്കില് തെറ്റായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് എപ്പോഴും ശാന്തത പാലിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

