കൊച്ചി കിഴക്കമ്പലം മലയിടംതുരുത്തിലെ ഏഴ് ദലിത് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് ഹൈക്കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു.
പ്രശ്നപരിഹാരത്തിനായി ആത്മാർഥമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും അതിനായി കൂടുതൽ സമയം വേണമെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ.രവി ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും കോടതി പരിശോധിക്കും.
മലയിടംതുരുത്ത് പാര്യത്തുകാവിലെ താമസക്കാരെ ഒഴിപ്പിക്കാൻ അധികൃതർ ശ്രമിച്ചത് കഴിഞ്ഞയാഴ്ച പ്രദേശത്ത് കനത്ത സംഘർഷത്തിന് വഴിവെച്ചിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാർ വിഷയത്തിൽ ഇടപെടാനും കോടതിയെ സമീപിച്ച് സമയം തേടാനും തീരുമാനിച്ചത്.
കേസ് പരിഗണിക്കുന്നതിനിടെ നിയമപരമായ വശങ്ങൾ കോടതി വിശദമാക്കി. താമസക്കാർക്ക് ഈ വസ്തുവിന്മേൽ നിയമപരമായ അവകാശങ്ങൾ സ്ഥാപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിലവിലുള്ള ഒഴിപ്പിക്കൽ ഉത്തരവ് തടസ്സപ്പെടുത്താൻ താമസക്കാർക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നു തലമുറകളായി ഇവിടെ താമസിക്കുന്നുണ്ടെന്ന് അഭിഭാഷകർ വഴി താമസക്കാർ വാദിച്ചെങ്കിലും, എക്സിക്യൂഷൻ കോടതിയിൽ യാതൊരുവിധ തടസ്സ ഹർജികളും ഇവർ സമർപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
മാത്രമല്ല, വസ്തുവിന്മേൽ അവകാശം ഉന്നയിച്ചുകൊണ്ട് സ്വതന്ത്രമായ ഒരു കേസ് പോലും ഫയൽ ചെയ്തിട്ടില്ലെന്ന് താമസക്കാർ തന്നെ സമ്മതിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഒഴിപ്പിക്കൽ നടപടികൾ തടസ്സപ്പെടുത്തുന്നില്ല എന്ന് പറയുന്നതും വർഷങ്ങളായി അവിടെ താമസിക്കുന്നു എന്ന വാദവും തമ്മിലുള്ള വൈരുദ്ധ്യവും കോടതി ചൂണ്ടിക്കാട്ടി.
നിയമപരമായി അവകാശം സ്ഥാപിക്കാത്ത കാലത്തോളം ഒഴിപ്പിക്കൽ നടപടികളിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി ആവർത്തിച്ചു. മലയിടംതുരുത്ത് കണ്ണാട്ട് വീട്ടിൽ സുഭദ്രയും അംബികയും നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്.
പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ അനുകൂല വിധി നടപ്പാക്കണമെന്ന ഇവരുടെ ആവശ്യത്തെ തുടർന്ന് മാർച്ച് 19-ന് ഹൈക്കോടതി നടപടികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി അഭിഭാഷക കമ്മീഷനും പോലീസും സ്ഥലത്തെത്തിയപ്പോഴാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
തുടർന്ന് സർക്കാർ ഇടപെടലിലൂടെയാണ് നടപടികൾ ഇപ്പോൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

