വേനലവധിയിൽ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കി റോഡ് ടെസ്റ്റിൽ വിജയിച്ച വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ലൈസൻസ് ലഭിക്കാതെ ദുരിതത്തിൽ. എറണാകുളം ആർടി ഓഫിസിൽ മാത്രം ഡ്രൈവിങ് ലൈസൻസുകൾ ഉൾപ്പെടെ നാലായിരത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാനാവാതെ കെട്ടിക്കിടക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പരിവാഹൻ വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാറാണ് നടപടിക്രമങ്ങൾ സ്തംഭിക്കാൻ കാരണം. പരീക്ഷ വിജയിച്ചവരുടെ ഫയലുകൾ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഓഫിസിലെത്തിച്ചാലും വെബ്സൈറ്റിലെ തകരാർ കാരണം ലൈസൻസിന് അംഗീകാരം നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല.
മുൻപ് തപാൽ വഴി ലഭിച്ചിരുന്ന ലൈസൻസ് ഇപ്പോൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ലാമിനേറ്റ് ചെയ്യണമെന്നാണ് നിർദേശം. എന്നാൽ, അപൂർവമായി അംഗീകാരം ലഭിക്കുന്നവ പോലും ഡൗൺലോഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഓഫിസിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നിയോഗിച്ചിരുന്ന രണ്ട് ടെക്നീഷ്യൻമാരെ മാസങ്ങൾക്ക് മുൻപ് പിൻവലിച്ചത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി. ഡ്രൈവിങ് ലൈസൻസ് മാത്രമല്ല, വാഹന റജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശം മാറ്റൽ, വായ്പ വിവരങ്ങൾ ചേർക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും ഇപ്പോൾ അവതാളത്തിലാണ്.
വെബ്സൈറ്റ് പലപ്പോഴും തുറക്കാൻ കഴിയാത്തതും, ഇടയ്ക്കു വെച്ച് തടസ്സപ്പെടുന്നതും അപേക്ഷകരെ വലയ്ക്കുന്നു. ഓഫിസിലെത്തുന്നവരോട് ‘ദേ ഇപ്പോ ശരിയാകും’ എന്ന സ്ഥിരം മറുപടി നൽകി ഉദ്യോഗസ്ഥർക്ക് മടുത്തു.
പലപ്പോഴും പിആർഒ കൗണ്ടറിൽ അപേക്ഷകരും ജീവനക്കാരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകുന്നതും പതിവാണ്. അക്ഷയ കേന്ദ്രങ്ങളിലും ഇ-സേവ കേന്ദ്രങ്ങളിലും സമാനമായ അവസ്ഥയാണെന്ന് ജനങ്ങൾ പരാതിപ്പെടുന്നു.
ലേണേഴ്സ് പരീക്ഷയ്ക്കും ഡ്രൈവിങ് ടെസ്റ്റ് തീയതി ലഭിക്കുന്നതിനും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ആർടിഒയെയും ജോയിന്റ് ആർടിഒയെയും സമീപിച്ചാലും പരിഹാരമില്ലാത്ത നിസ്സഹായാവസ്ഥയിലാണ് ഉദ്യോഗസ്ഥരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

