സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന ആസൂത്രിതമായ സൈബർ ആക്രമണങ്ങളിലും കുപ്രചരണങ്ങളിലും വിശദീകരണവുമായി റിനി ആൻ ജോർജ് രംഗത്ത്. താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അംഗമോ പ്രവർത്തകയോ അല്ലെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നതെന്നും അവർ വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാര വനിത എന്ന് വിശേഷിപ്പിച്ച് തനിക്കെതിരെ വൻതോതിൽ പ്രചാരണം നടക്കുന്നുണ്ടെന്നും, ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് ഈ കുറിപ്പെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു. വി ഡി സതീശനുമായുള്ള അടുപ്പം രാഷ്ട്രീയപരമല്ലെന്നും, കുടുംബ സുഹൃത്ത് എന്ന നിലയിലുള്ളതാണെന്നും അവർ പറഞ്ഞു.
“ഈശ്വരന്റെ കരങ്ങൾ ജനങ്ങൾക്കായി അദ്ദേഹത്തിലൂടെ പ്രവർത്തിക്കട്ടെ എന്ന ആഴത്തിലുള്ള സന്ദേശമാണ് അർത്ഥമാക്കിയത്. അതിനെയും അനാവശ്യമായ രീതിയിൽ വ്യാഖ്യനിക്കുകയാണ്” എന്നും അവർ ചൂണ്ടിക്കാട്ടി.
സ്വന്തം പിതാവിന്റെ പാർട്ടിയായി കമ്മ്യൂണിസ്റ്റ് പാർട്ടിയെയും, മാനസ പിതാവിന്റെ പാർട്ടിയായി കോൺഗ്രസിനെയും കാണുന്ന തനിക്ക്, രാഷ്ട്രീയത്തിനപ്പുറം ശരികളെ അഭിനന്ദിക്കാനും തെറ്റുകളെ ചൂണ്ടിക്കാണിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും റിനി കൂട്ടിച്ചേർത്തു. ടൈസൺ മാഷിന്റെ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ചും അവർ മറുപടി നൽകി.
അവിടം വഴി കടന്നുപോകുമ്പോൾ ഉണ്ടായ സ്വാഭാവികമായ ഒരു ദൃശ്യം മാത്രമാണെന്നും, ഒരു പാർട്ടിക്കും വേണ്ടി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. മാധ്യമ പ്രവർത്തകയും കലാകാരിയുമായ തനിക്ക് വിവിധ രാഷ്ട്രീയ നേതാക്കളുമായി സൗഹൃദങ്ങളുണ്ടെന്നും, അവരുമായി എടുക്കുന്ന ചിത്രങ്ങളെ തെറ്റായ അർത്ഥത്തിൽ വ്യാഖ്യാനിക്കാൻ ഗൂഢശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിനി ആരോപിച്ചു.
നിശ്ശബ്ദരാക്കപ്പെട്ട സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തിയതാണ് താൻ ചെയ്ത തെറ്റെന്ന് ചോദിക്കുന്ന റിനി ആൻ ജോർജ്, തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ മാസങ്ങളായി തുടരുകയാണെന്ന് പറഞ്ഞു.
“നിശ്ശബ്ദരാക്കപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ് ?” എന്ന് അവർ ചോദിക്കുന്നു.
ഭീഷണികളും കായികമായ ആക്രമണങ്ങൾക്കുള്ള ആഹ്വാനങ്ങളും നേരിടുന്നുണ്ടെങ്കിലും തളരാതെ മുന്നോട്ട് പോകുമെന്നും, സത്യം ജനങ്ങൾക്ക് ബോധ്യപ്പെടാനാണ് ഇപ്പോൾ ഇങ്ങനെയൊരു വിശദീകരണം നൽകുന്നതെന്നും അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

