പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയ ബ്ലോക്ക് നിർമാണവുമായി ബന്ധപ്പെട്ട് ഗൗരവകരമായ ആരോപണങ്ങൾ ഉയരുന്നു.
തിരഞ്ഞെടുപ്പിന് മുൻപായി കെട്ടിടം ഉദ്ഘാടനം ചെയ്യണമെന്ന ലക്ഷ്യത്തോടെ മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർമാണ മാനദണ്ഡങ്ങൾ മറികടക്കാൻ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദം ചെലുത്തിയതായി കിറ്റ്കോ എൻജിനീയർ വെളിപ്പെടുത്തി. ആശുപത്രി പരിപാലന സമിതി (എച്ച്എംസി) യോഗത്തിലാണ് എൻജിനീയർ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി 51,000 ചതുരശ്രയടി വിസ്തീർണത്തിൽ 23.75 കോടി രൂപ ചെലവഴിച്ചാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമാണം ആരംഭിച്ചത്. പിന്നീട് തുകയിൽ 5 കോടി രൂപയുടെ അധിക വർധനവുണ്ടായി.
28.75 കോടി രൂപ ചെലവിൽ ഏഴ് നിലകളിലായി കെട്ടിടം പൂർത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും, നിലവിൽ മൂന്ന് നിലകളോടെ നിർമാണം അവസാനിപ്പിക്കാനാണ് നീക്കമെന്ന് സൂചനകളുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് കെട്ടിടത്തിന്റെ രണ്ട് നിലകളുടെ പുറം ഭിത്തി മാത്രമാണ് നിർമിച്ചിരുന്നത്.
സിമന്റ് പൂശാത്ത അവസ്ഥയിലായിരുന്ന ഭിത്തികൾ, ഉദ്ഘാടനത്തിനായി തിടുക്കപ്പെട്ട് പൂർത്തിയാക്കാൻ മുൻമന്ത്രി നിർദേശിക്കുകയായിരുന്നു. ഗുണനിലവാരം ഉറപ്പാക്കാതെ നിർമാണം സാധ്യമല്ലെന്ന് എൻജിനീയർ അറിയിച്ചെങ്കിലും, സിമന്റ് പൂശാനും പെയിന്റ് അടിക്കാനും താഴത്തെ നിലയിൽ ടൈൽസ് പാകി വൃത്തിയാക്കാനും കർശന നിർദേശം നൽകി.
നിർമാണത്തിലെ ഇത്തരം വീഴ്ചകൾ കെട്ടിടത്തിന്റെ ബലത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും അത് അവഗണിക്കപ്പെട്ടതായി യോഗത്തിൽ വ്യക്തമായി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിർമാണവുമായി ബന്ധപ്പെട്ട
മുഴുവൻ ഫയലുകളും അടിയന്തരമായി ഹാജരാക്കാൻ എംഎൽഎ അബിൻ വർക്കി നിർദേശം നൽകി. കൂടാതെ, യോഗത്തിലെ മറ്റ് ചെലവുകളുടെ വിവരങ്ങളും രസീതുകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയിക്ക് കൈമാറാനും അവരുടെ പരിശോധനയ്ക്ക് ശേഷം മാത്രം തുക അനുവദിക്കാനും യോഗം തീരുമാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

