പുതുതായി അധികാരമേറ്റ സർക്കാർ സാധാരണക്കാരെ ചേർത്തുപിടിച്ചുകൊണ്ടുള്ള വികസന നയങ്ങൾക്കായിരിക്കും മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. അധികാരം ഒരിക്കലും അഹങ്കാരത്തിനുള്ളതല്ലെന്നും, തന്റെ പ്രവർത്തനങ്ങൾ നാടിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാവില്ലെന്നും പറവൂരിൽ നടന്ന സ്വീകരണ ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ജില്ലയിലെത്തിയ വി ഡി സതീശന് വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. രാവിലെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിലും വൈകിട്ട് പറവൂരിലും നടന്ന സ്വീകരണ പരിപാടികളിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.
നാടിന്റെ സ്നേഹത്തിന് മറുപടി നൽകവെ വികാരാധീനനായ മുഖ്യമന്ത്രി, തന്നെ സ്നേഹിക്കുന്ന ജനങ്ങളെ ഒരിക്കലും മറക്കില്ലെന്ന് ഉറപ്പുനൽകി. ധനവകുപ്പിന്റെ ചുമതല ഏറ്റെടുത്തത് വലിയൊരു വെല്ലുവിളിയായിട്ടാണെന്നും, കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വികസന സ്വപ്നങ്ങളും പുതിയ സർക്കാർ നേരിടേണ്ട വെല്ലുവിളികളും ചടങ്ങിൽ ചർച്ചയായി.
മോഹൻലാൽ, ശ്രീകുമാരൻ തമ്പി, സലിം കുമാർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വി ഡി സതീശനിൽ കേരളം വലിയ പ്രതീക്ഷയാണ് അർപ്പിക്കുന്നതെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു.
സത്യസന്ധതയും സുതാര്യതയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പ്രകടമാണെന്നും, ഏത് പ്രതിസന്ധി ഘട്ടത്തിലും ഈ നിലപാട് തുടരാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും മോഹൻലാൽ ആശംസിച്ചു. ഭൂമിയിലെ മനോഹരമായ ഈ നാടിന്റെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ എന്ന് വിശേഷിപ്പിച്ച മോഹൻലാൽ, ലഹരി ഉപയോഗം, റോഡപകടങ്ങൾ തുടങ്ങിയ സാമൂഹിക വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രത്യേക ശ്രദ്ധ പതിയേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു.
ഒരു നാട് ഒന്നടങ്കം ആഗ്രഹിച്ച നേതാവാണ് വി ഡി സതീശൻ എന്നും, ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

