പാലക്കാട്: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) നടപടികളെ രൂക്ഷമായി വിമർശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് രംഗത്തെത്തി. നവകേരള സദസ്സ് വേളയിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയ പൊലീസുകാരെ കുറ്റവാളികളായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ആർ.എസ്.എസ് പശ്ചാത്തലമുള്ളവരെ മുഖ്യമന്ത്രിയുടെ ഗൺമാന്മാരായി നിയമിക്കുന്ന സർക്കാർ നിലപാട് സംശയാസ്പദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതൃത്വം കുറ്റാരോപിതർക്ക് പ്രോത്സാഹനം നൽകുകയാണെന്ന് ആരോപിച്ച വി വസീഫ്, ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന ധീരജിന്റെ കൊലക്കേസിലെ പ്രതി നിഖിൽ പൈലിക്ക് ഡി.സി.സി അംഗത്വം നൽകിയ നടപടിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഭാവിയിൽ നിഖിൽ പൈലിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, പ്രതിഷേധിച്ച കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയന്റെ ഗൺമാൻ മർദ്ദിച്ച സംഭവത്തിൽ തയ്യാറാക്കിയ യഥാർത്ഥ കേസ് ഡയറിയിലെ വിവരങ്ങൾ പുറത്തുവന്നു.
ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ് അരുൺ തയ്യാറാക്കിയ ഈ റിപ്പോർട്ടിൽ, ലോക്കൽ പൊലീസ് തടഞ്ഞുവെച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്നവർ മർദ്ദിച്ചതായി വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. കറുത്ത കാറിൽ നിന്നിറങ്ങിയ നാലുപേർ ലാത്തി ഉപയോഗിച്ച് മർദ്ദിച്ചെന്നും, ഇതിനിടെ ലോക്കൽ പൊലീസുകാർക്കും പരിക്കേറ്റെന്നും ഡയറിയിലുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങളും മർദ്ദനത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തണമെന്ന നിർദ്ദേശവും ആദ്യ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, ഈ കേസ് ഡയറി പിന്നീട് തിരുത്തിയാണ് കുറ്റാരോപിതരെ ഒഴിവാക്കിയതെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ.
ഈ കേസ് ഡയറി പെൻഡ്രൈവിലാക്കി എ.ഡി.ജി.പി എം ആർ അജിത് കുമാറിന്റെ ഓഫീസിലേക്ക് അയച്ചുവെന്ന മൊഴി, വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

