ആലപ്പുഴയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ പ്രവൃത്തിയെ പിന്തുണച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അംഗരക്ഷകരുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമാണെന്നും, അവർ ചെയ്തത് അത്തരമൊരു ജോലിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ആറുപേരെ വെടിവെച്ച് കൊന്നതിനേക്കാൾ വലിയ സംഭവമൊന്നുമല്ലല്ലോ” എന്ന് ചോദിച്ച ഇ പി ജയരാജൻ, അധികാരത്തിലുള്ളവർക്ക് അവരുടേതായ വ്യാഖ്യാനങ്ങൾ നൽകാൻ അവകാശമുണ്ടെന്നും കൂട്ടിച്ചേർത്തു. യുഡിഎഫിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, അക്രമങ്ങളെ ന്യായീകരിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആരോപിച്ചു.
മുൻകാലങ്ങളിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയവർ പോലും ഇന്ന് മന്ത്രിമാരായിരിക്കുന്ന അവസ്ഥയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാർ കാര്യങ്ങൾ ശരിയായ ദിശയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും, മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി അതിരുകടന്ന പ്രചരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, 2023 ഡിസംബർ 15-ന് ഉണ്ടായ വിവാദ സംഭവവുമായി ബന്ധപ്പെട്ട് ഗൺമാൻമാർക്കെതിരായ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ എസ്ഐടി നിയമനടപടികൾ ശക്തമാക്കി. ഈ വിഷയത്തിൽ പ്രത്യേക കേസെടുക്കുന്നതിന് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.
സംഭവത്തിന്റെ യഥാർത്ഥ അന്വേഷണ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം തിരുത്തിയതായാണ് കണ്ടെത്തൽ. മുൻ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച മൊഴികളും ഇതിന് ആധാരമായ തെളിവുകളും സംഘം ശേഖരിച്ചു കഴിഞ്ഞു.
ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുനിൽരാജ് കേസ് ഡയറി തിരുത്താനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച നിർണ്ണായക റിപ്പോർട്ട് ഉടൻ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന് കൈമാറും.
തുടർനടപടികൾ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും സ്വീകരിക്കുക. കേസിൽ പ്രതികളായ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

