മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തന്നെ നിയമിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കെ എസ് ശബരീനാഥൻ. ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും, ഏതെങ്കിലും പദവികൾ ലക്ഷ്യം വെച്ചല്ല താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങിനിന്ന വ്യാജപ്രചാരണം ആയതുകൊണ്ടാണ് ഇതുവരെ ഔദ്യോഗികമായ പ്രതികരണം നൽകാതിരുന്നത്. എന്നാൽ, “The Hindu” പോലുള്ള ദേശീയ മാധ്യമങ്ങൾ ഈ വാർത്ത അച്ചടിച്ചു വന്നതോടെ ജനങ്ങൾ അത് വിശ്വസിക്കാൻ തുടങ്ങിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് ദിവസമായി നിരവധി പ്രവർത്തകരും സുഹൃത്തുക്കളും ഫോൺ വഴിയും വാട്സാപ്പ് വഴിയും തന്നെ ബന്ധപ്പെട്ടിരുന്നു. അവർക്കെല്ലാം വാർത്തകൾ തെറ്റാണെന്ന് മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
“ഒരു പദവിയും ലക്ഷ്യംവച്ചു പ്രവർത്തിക്കുന്നയാളല്ല ഞാൻ എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നന്നായി കൊണ്ടുപോകുന്നുണ്ട്.
ബാക്കി കാര്യങ്ങൾ പാർട്ടി തീരുമാനിക്കും” എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തനിക്കുമേൽ ചുമതലപ്പെടുത്തുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനാണ് താൽപ്പര്യപ്പെടുന്നതെന്നും കെ എസ് ശബരീനാഥൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

