പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന സംഘർഷാവസ്ഥയ്ക്ക് വിരാമമിട്ട് ഹോർമുസ് കടലിടുക്ക് തുറന്നു പ്രവർത്തിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട
ചർച്ചകൾ പൂർത്തിയായതായും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. താൻ ബന്ധപ്പെട്ട
രാജ്യങ്ങളിലെ ഭരണാധികാരികളുമായി ചർച്ച നടത്തിയെന്നും ഇറാനുമായുള്ള സമാധാന കരാറിലെ വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ആഗോളതലത്തിൽ ക്രൂഡോയിൽ വിപണി നേരിടുന്ന പ്രതിസന്ധിക്കും പണപ്പെരുപ്പ ഭീഷണിക്കും ഈ നീക്കം പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ ലോകം.
എങ്കിലും, ഈ വാദങ്ങളെ തള്ളി ഇറാനിയൻ ന്യൂസ് ഏജൻസിയായ ഫാർസ് രംഗത്തെത്തിയത് ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ഹോർമുസ് ഇപ്പോഴും ഇറാന്റെ പൂർണ നിയന്ത്രണത്തിലാണെന്നും യുഎസ് ഉയർത്തുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പ്രതികരിച്ചു.
അതേസമയം, വെടിനിർത്തൽ കരാർ 60 ദിവസത്തേക്ക് കൂടി നീട്ടാനും, ഉപരോധം നേരിടുന്ന ഇറാന്റെ വിദേശ ആസ്തികളുടെ വിലക്ക് നീക്കുന്നത് സംബന്ധിച്ച് യുഎസ് പുനർചിന്തനം നടത്തുമെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. എന്നാൽ, ഇരു വിഭാഗവും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
വിപണിയിലെ സ്വാധീനം
ഹോർമുസ് തുറക്കുമെന്ന വാർത്ത ഓഹരി വിപണിയിൽ വലിയ ഉണർവുണ്ടാക്കുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച ക്രൂഡോയിൽ വിലയിൽ കുറവുണ്ടാകാനും സ്വർണവിലയിൽ നേരിയ മുന്നേറ്റവും ഓഹരി സൂചികകളിൽ കുതിപ്പും പ്രകടമായേക്കാം.
കഴിഞ്ഞ ആഴ്ചയും സമാനമായ വാർത്തകളുടെ അടിസ്ഥാനത്തിൽ വിപണി നേട്ടം രേഖപ്പെടുത്തിയിരുന്നു. സെൻസെക്സ് 0.23 ശതമാനവും നിഫ്റ്റി 0.32 ശതമാനവും വർധനവാണ് കാണിച്ചത്.
വെള്ളിയാഴ്ച സെൻസെക്സ് 231.99 പോയിന്റ് ഉയർന്ന് 75,415.35-ലും നിഫ്റ്റി 64.60 പോയിന്റ് നേട്ടത്തോടെ 23,719.30-ലും വ്യാപാരം അവസാനിപ്പിച്ചു. രൂപയുടെ തിരിച്ചുവരവും ആർബിഐ ലാഭവിഹിതവും
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ മികച്ച മുന്നേറ്റമുണ്ടായി.
വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ 76 പൈസ നേട്ടത്തോടെ വിനിമയ നിരക്ക് 95.60 എന്ന നിലയിലേക്ക് മെച്ചപ്പെട്ടു. ഇതിനുപുറമെ, റിസർവ് ബാങ്കിൽ നിന്ന് 2025–26 സാമ്പത്തിക വർഷത്തിൽ 2.87 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ലാഭവിഹിതം കേന്ദ്രസർക്കാരിന് ലഭിക്കുമെന്ന റിപ്പോർട്ടുകൾ വിപണിയിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഇത് സർക്കാരിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കരുത്തേകുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ. വെല്ലുവിളികൾ
വിപണി അനുകൂലമായ സാഹചര്യത്തിലാണെങ്കിലും വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഇപ്പോഴും ആശങ്കയായി തുടരുന്നു.
2026-ൽ ഇതുവരെ 2.2 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഇവർ പിൻവലിച്ചത്. കൂടാതെ വൈറ്റ് ഹൗസിലുണ്ടായ വെടിവയ്പ്പ് സമാധാന ശ്രമങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും നിക്ഷേപകർക്കിടയിലുണ്ട്.
ബ്രെന്റ് ക്രൂഡ് 103 ഡോളറിലും ഡബ്ല്യുടിഐ 96 ഡോളറിലുമാണ് ക്ലോസ് ചെയ്തിരിക്കുന്നത്. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

