സ്പെയിനിലെ ടെനറൈഫിൽ നിന്നും ബ്രിട്ടനിലെ ബെർമിംഗ്ഹാമിലേക്ക് യാത്ര തിരിച്ച ജെറ്റ് 2 വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനം 30,000 അടി ഉയരത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ പൈലറ്റിന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയും ഹൃദയാഘാതവുമാണ് സംഭവത്തിന് വഴിവെച്ചത്.
220 യാത്രക്കാരുമായാണ് വിമാനം ടെനറൈഫിൽ നിന്നും ടേക്ക് ഓഫ് ചെയ്തത്. എൽ എസ് 1266 എന്ന വിമാനം പെട്ടെന്ന് താഴ്ചയിലേക്ക് കുത്തനെ താഴുന്നത് ശ്രദ്ധയിൽപ്പെട്ട
ഫസ്റ്റ് ഓഫീസർ, ക്യാപ്റ്റന് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് ഉടൻ തന്നെ തിരിച്ചറിഞ്ഞു. തുടർന്ന് സാഹചര്യം അതീവ ഗൗരവമാണെന്ന് ബോധ്യപ്പെട്ട
അദ്ദേഹം, എയർ ട്രാഫിക് കൺട്രോളിന് ‘മെയ് ഡേ’ (Mayday) സന്ദേശം അയക്കുകയും അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയും ചെയ്തു. പൈലറ്റിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിമാനം പോർച്ചുഗലിലെ പോർട്ടോ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 2.15-ഓടെ വിമാനം പോർട്ടോയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. റൺവേയിൽ നേരത്തെ തന്നെ സജ്ജരായിരുന്ന മെഡിക്കൽ സംഘം പൈലറ്റിന് അടിയന്തര പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും വിമാനക്കമ്പനി ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

