ഐപിഎൽ 2026 പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ക്യാമ്പിൽ നിന്ന് നിരാശാജനകമായ വാർത്ത. ടീമിന്റെ ഇടംകയ്യൻ ബാറ്ററായ ജേക്കബ് ബെഥേൽ പരിക്കിനെത്തുടർന്ന് ടൂർണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി.
കഴിഞ്ഞ വെള്ളിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ നിർണായക ലീഗ് മത്സരത്തിൽ താരം കളിച്ചിരുന്നില്ല. തുടർചികിത്സകൾക്കായി ബെഥേൽ ഇംഗ്ലണ്ടിലേക്ക് മടങ്ങും.
വരാനിരിക്കുന്ന പ്ലേ ഓഫ് ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ തയ്യാറെടുക്കുന്ന ആർസിബിക്ക് ഈ അസാന്നിധ്യം വലിയ വെല്ലുവിളിയാണ്. ലീഗ് ഘട്ടത്തിൽ രജത് പടിദാർ നയിച്ച ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ക്യാച്ചിനായി ഡൈവ് ചെയ്തപ്പോഴാണ് യുവതാരത്തിന്റെ വിരലിന് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് ആർസിബി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയത് ഇങ്ങനെ: ”പഞ്ചാബ് കിംഗ്സുമായുള്ള മത്സരത്തിനിടെ ജേക്കബ് ബെഥേലിന്റെ ഇടത് മോതിരവിരലിന് പരിക്കേറ്റിരുന്നു.
വിശദമായ മെഡിക്കൽ പരിശോധനകൾക്ക് ശേഷം, ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി തുടർച്ചികിത്സകൾക്കായി അദ്ദേഹം നാട്ടിലേക്ക് മടങ്ങും.” ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആർസിബി മാനേജ്മെന്റുമായി ചർച്ച ചെയ്ത ശേഷമാണ് താരത്തെ വിട്ടയക്കാൻ തീരുമാനിച്ചത്.
ജൂൺ 4-ന് ലോർഡ്സിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ഒന്നാം ടെസ്റ്റിനുള്ള ടീമിൽ ബെഥേലിനെ ഉൾപ്പെടുത്താനാകുമോ എന്ന് ഇംഗ്ലണ്ട് മെഡിക്കൽ സംഘം പരിശോധിക്കും. അതേസമയം, പ്ലേ ഓഫിൽ ഓപ്പണർ ഫിൽ സാൾട്ടിന്റെ തിരിച്ചുവരവ് ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്.
സാൾട്ട് പ്ലെയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തുമ്പോൾ, കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി 19 പന്തിൽ 44 റൺസ് നേടിയ വെങ്കിടേഷ് അയ്യർ മധ്യനിരയിലേക്ക് മാറാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

