തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ച ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസ് സന്ദർശിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയച്ച ക്ഷണക്കത്ത് അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം, ആഗോള-പ്രാദേശിക സുരക്ഷാ വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. ആഗോള നന്മ ലക്ഷ്യമാക്കി ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും റൂബിയോ ചർച്ചകൾ നടത്തും.
ഇതിനുപുറമെ, ന്യൂഡൽഹിയിൽ നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. യുഎസ്-ഇറാൻ സംഘർഷം, വ്യാപാര നികുതികൾ, ഊർജ പ്രതിസന്ധി എന്നിവ ചർച്ചകളിൽ നിർണായകമാകുമെന്നാണ് സൂചന.
അമേരിക്കൻ എംബസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിച്ച മാർക്കോ റൂബിയോ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി. “യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്.
ഹ്രസ്വകാലത്തേക്ക് മാത്രമല്ല, ദീർഘകാല ലക്ഷ്യങ്ങളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതാക്കളാണ് ഇരുവരുമെന്നും” അദ്ദേഹം അഭിപ്രായപ്പെട്ടു. ശനിയാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയ റൂബിയോ, മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ് സന്ദർശിച്ചു.
കഴിഞ്ഞ 14 വർഷത്തിനിടെ ഒരു മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞൻ കൊൽക്കത്തയിലെത്തുന്നത് ഇതാദ്യമായാണ്. തുടർന്ന് ആഗ്ര, ജയ്പൂർ എന്നിവിടങ്ങളിലേക്കും അദ്ദേഹം യാത്ര തിരിക്കും.
മെയ് 26 വരെ നീളുന്ന ഈ സന്ദർശനം പ്രതിരോധം, ഊർജം, വ്യാപാരം എന്നീ മേഖലകളിൽ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്കിലെ തർക്കങ്ങൾക്കിടെ ഊർജ സുരക്ഷാ വിഷയങ്ങളിൽ ഇന്ത്യയും അമേരിക്കയും പുതിയ ധാരണകളിലേക്ക് എത്തിയേക്കും.
കൂടാതെ, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ ലക്ഷ്യമിട്ടുള്ള ക്വാഡ് ഉച്ചകോടിയിലും അദ്ദേഹം പങ്കാളിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

