രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെച്ചൊല്ലി കേന്ദ്ര സർക്കാർ കടുത്ത ആശയക്കുഴപ്പത്തിലാണ്. രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട
നിലപാടുകളെക്കുറിച്ച് സാമ്പത്തിക വിദഗ്ധർക്കിടയിലും ഭരണതലത്തിലും അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. രൂപയുടെ തകർച്ച തടയേണ്ടതില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ശക്തമായ ഇടപെടലുകൾ അനിവാര്യമാണെന്ന് സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം) പോലുള്ള സംഘടനകൾ ആവശ്യപ്പെടുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു വർഷത്തേക്ക് സ്വർണം വാങ്ങാതിരിക്കുക, വിദേശയാത്രകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് നൽകിയിരുന്നു. എന്നാൽ, ഇത്തരം പ്രഖ്യാപനങ്ങൾ കാര്യങ്ങൾ കൈവിട്ടുപോയെന്ന് സമ്മതിക്കുന്നതിന് തുല്യമാണെന്ന വിമർശനം സംഘ് പരിവാറിനുള്ളിൽ നിന്നുതന്നെ ഉയരുന്നുണ്ട്.
പശ്ചിമേഷ്യയിലെ പ്രതിസന്ധി മൂലം എണ്ണ, വളം വിപണികളിലുണ്ടായ ആഘാതവും വിദേശ നിക്ഷേപത്തിലെ കുറവും സർക്കാർ ഗൗരവമായി കാണുന്നുണ്ടെങ്കിലും, താൽക്കാലിക പരിഹാരങ്ങൾ അഥവാ ‘ബാൻഡ് എയ്ഡ്’ നടപടികൾക്കപ്പുറം ഒന്നും നടക്കുന്നില്ലെന്നാണ് ആക്ഷേപം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ മുൻ അംഗം സുർജിത് ഭല്ല സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
“തിരഞ്ഞെടുപ്പുകളിലൂടെ അധികാരം ലഭിക്കും, അഭിവൃദ്ധി സാധ്യമാകാൻ നയങ്ങൾ വേണം. വോട്ടിന് യോഗ്യരായ മറ്റൊരു പാർട്ടിയുമില്ലാത്തതിനാൽ സമ്പദ്വ്യവസ്ഥയ്ക്ക് എന്തു സംഭവിച്ചാലും പ്രശ്നമില്ലെന്ന മട്ടിലാണ് ബിജെപി” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഇടപെടേണ്ടതില്ലെന്ന പക്ഷക്കാരാണ് സാമ്പത്തിക വിദഗ്ധരായ ഗീതാ ഗോപിനാഥും അരവിന്ദ് പനഗാരിയയും. കരുതൽ ശേഖരം ഉപയോഗിച്ച് രൂപയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ഗുണകരമല്ലെന്നും വിപണിയിലെ കയറ്റുമതിയും മൂലധന വരവും മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നു.
രൂപയുടെ മൂല്യം 100-ലേക്ക് അടുക്കുന്ന സാഹചര്യത്തിലും, “100 എന്നത് 99ഉം 101ഉം പോലുള്ള വെറുമൊരു സംഖ്യമാത്രമാണെന്നും രൂപയുടെ മൂല്യത്തകർച്ച നയങ്ങളെ സ്വാധീനിക്കരുത്” എന്നുമാണ് അരവിന്ദ് പനഗാരിയ ഉപദേശിക്കുന്നത്. എന്നാൽ, ഇതിനെതിരെ സ്വദേശി ജാഗരൺ മഞ്ച് ദേശീയ കോ–കൺവീനർ അശ്വനി മഹാജൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു.
രൂപയുടെ മൂല്യത്തകർച്ച വിലക്കയറ്റത്തെയും വിദേശ കടത്തിന്റെ തിരിച്ചടവിനെയും നേരിട്ട് ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഉയർന്ന വൈദ്യുതി വില, പലതരം സെസ്, ചരക്കു നീക്കത്തിന്റെ ചെലവ് തുടങ്ങിയവയുടെ പ്രശ്നങ്ങൾ സർക്കാരാണ് പരിഹരിക്കേണ്ടത്.
നയരൂപീകരണത്തിന്റെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർക്ക് ഇതറിയില്ലെന്നും ഇന്ത്യയിലെ വ്യവസായങ്ങൾക്ക് മരണവാറന്റ് എഴുതുകയാണ് അവരെന്നും” അദ്ദേഹം കുറ്റപ്പെടുത്തി. ആർഎസ്എസിന്റെ അതൃപ്തിയാണ് ഈ വിമർശനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
രൂപയിൽ നേരിയ ഉണർവ്
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് രൂപയ്ക്ക് നേരിയ ആശ്വാസം നൽകിയിട്ടുണ്ട്. ഇന്നലത്തെ വ്യാപാരത്തിൽ 76 പൈസ നേട്ടമുണ്ടാക്കിയതോടെ ഡോളറിനെതിരെയുള്ള മൂല്യം 95.60 എന്ന നിലയിലേക്ക് മെച്ചപ്പെട്ടു.
വ്യാഴാഴ്ച 50 പൈസയുടെ വർധനയും രേഖപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

