നീലേശ്വരം മാർക്കറ്റ് ജംക്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി സർവീസ് റോഡിന്റെയും ഡ്രെയ്നേജിന്റെയും നിർമാണം 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. കലക്ടറുടെ ചേംബറിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്.
നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി, മണ്ണിട്ടുയർത്തിയ മേൽപാത ജൂൺ 22 വരെ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സർവീസ് റോഡ് നിർമാണ വേളയിൽ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ നീലേശ്വരം നഗരസഭയുടെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അടിയന്തര യോഗം ചേർന്ന് ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പൂർണമായ സഹകരണം വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അഭ്യർത്ഥിച്ചു. നീലേശ്വരം മേഖലയിൽ ആകാശപ്പാത നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ച് കലക്ടർ സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ച നടപടിയെ ജനപ്രതിനിധികളും സമരസമിതി നേതാക്കളും യോഗത്തിൽ സ്വാഗതം ചെയ്തു.
മേൽപാതയുടെ നിർമാണം പൂർത്തിയാകുമ്പോൾ നഗരം മൺമതിലുകളാൽ വിഭജിക്കപ്പെടുന്നത് വലിയ ഗതാഗത തടസ്സങ്ങൾക്ക് വഴിവെക്കുമെന്ന് നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ പ്രദേശത്ത് നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് കലക്ടർ അടിയന്തര യോഗം വിളിച്ചുചേർത്തത്.
ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ ഉമേഷ് ഗാർഹ്, നിർമാണ കമ്പനി പ്രതിനിധി വിജയ് റാഥോഡ്, എൽഎ ഡപ്യൂട്ടി കലക്ടർ ലിപു എസ്.ലോറൻസ്, നീലേശ്വരം നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ, എൽഎ എൻഎച്ച് സ്പെഷൽ ഡപ്യൂട്ടി കലക്ടർ കെ.ടി.അബ്ദുൽ ഹക്കീം, നീലേശ്വരം എസ്ഐ കെ.അജിത, ആർടിഒ ജെറാൾഡ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കൂടാതെ വിവിധ ജനപ്രതിനിധികളും സമരസമിതി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

