മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ നാല് സ്ത്രീകൾ ദാരുണമായി കൊല്ലപ്പെട്ടു. ബീഡി നിർമ്മാണത്തിനാവശ്യമായ ഇലകൾ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയ സംഘത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.
സംഗീത ചൗധരി (50), കൗദാബായ് മോഹുർലെ (45), അനുബായ് മോഹുർലെ (40), സുനിത മോഹുർലെ (38) എന്നിവരാണ് മരണപ്പെട്ടതെന്ന് സംസ്ഥാന വനം വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗുഞ്ജേവാഹി ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലാണ് സംഭവം നടന്നത്.
ഈ വർഷം മാത്രം ചന്ദ്രപൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ഏഴാമത്തെ കടുവാ ആക്രമണമാണിത്. പെൺകടുവയും രണ്ട് വയസ്സിലധികം പ്രായമുള്ള കുഞ്ഞുങ്ങളുമാണ് ആക്രമണം നടത്തിയതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാമാനുജം ആർ എം വ്യക്തമാക്കി.
അമ്മയിൽ നിന്ന് വേർപിരിയാൻ തുടങ്ങുന്ന പ്രായത്തിലുള്ള കടുവകൾ കൂടുതൽ ആക്രമണകാരികളായിരിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. മെയ് 14-ന് വനത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഈ സ്ത്രീകളെ പട്രോളിംഗ് സംഘം തടയുകയും തിരികെ അയക്കുകയും ചെയ്തിരുന്നതായി വനം വകുപ്പ് അറിയിച്ചു.
കടുവയുടെ സാന്നിധ്യം മുൻനിർത്തി പ്രദേശവാസികൾ വനത്തിൽ പ്രവേശിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഉപജീവനമാർഗ്ഗമായ ബീഡി ഇല ശേഖരണത്തിന് എത്തിയതാണ് ദുരന്തത്തിൽ കലാശിച്ചത്.
സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം വനം വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് മൂന്ന് നിരീക്ഷണ ക്യാമറകളും 30 ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചു.
വനവിഭവങ്ങൾ ശേഖരിക്കുന്നതിന് പ്രദേശത്ത് താൽക്കാലികമായി പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തഡോബ-ചന്ദ്രപൂർ മേഖലയിലെ വനനശീകരണമാണ് മനുഷ്യ-മൃഗ സംഘർഷം വർദ്ധിക്കാൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകൻ രാം ധോത്രെ ആരോപിച്ചു.
ഖനന പ്രവർത്തനങ്ങൾക്കായി സ്വകാര്യ കമ്പനികൾക്ക് വനഭൂമി വിട്ടുനൽകുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുവെന്നും, ഇതാണ് വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ കാരണമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

