ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളിൽ നേരിയ പുരോഗതി ദൃശ്യമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സ്വീഡനിൽ വെച്ച് നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തുന്ന ടോൾ പിരിവ് ഒരു രാജ്യവും അംഗീകരിക്കരുതെന്നും, ഈ നടപടി തുടരുകയാണെങ്കിൽ കരാറുകൾ നടപ്പിലാക്കുന്നത് അസാധ്യമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒമാനെക്കൊണ്ട് ടോൾ പിരിവ് നടത്തിക്കാൻ ഇറാൻ ശ്രമിക്കുന്നതായും റൂബിയോ ആരോപിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഐആർജിസി (IRGC) നാവികസേനയുടെ അനുമതിയോടെ 35 കപ്പലുകൾ സുഗമമായി കടന്നുപോയതായി ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
എണ്ണ ടാങ്കറുകളും കണ്ടെയ്നറുകളും ഇതിൽ ഉൾപ്പെടുന്നു. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വിയും ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടത്തുന്നതിനിടെയാണ് റൂബിയോയുടെ പ്രതികരണം വരുന്നത്.
ഇറാന്റെ ആണവായുധ സ്വപ്നങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ കടുത്ത നിലപാടുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി രംഗത്തെത്തിയതും ചർച്ചകളിൽ നിർണായകമാണ്. ഖമനയിയുടെ പ്രതികരണം യുറേനിയം ശേഖരം വിട്ടുകൊടുക്കില്ല എന്നതായിരുന്നു.
നാറ്റോ യോഗത്തിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന മാർക്കോ റൂബിയോ നാളെ ഡൽഹിയിൽ എത്തും. ഈ മാസം 26-ന് നടക്കുന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

