എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിലെ താമസക്കാർ നേരിടുന്ന കുടിയൊഴിപ്പിക്കൽ ഭീഷണിക്ക് താൽക്കാലിക ആശ്വാസം. നാളെ നിശ്ചയിച്ചിരുന്ന കുടിയൊഴിപ്പിക്കൽ നടപടികൾ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മന്ത്രി റോജി എം ജോൺ, കുന്നത്തുനാട് എംഎൽഎ സജീന്ദ്രൻ, ജില്ലാ കളക്ടർ, റൂറൽ എസ്പി എന്നിവരുടെ സാന്നിധ്യത്തിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. വിഷയത്തിൽ സർക്കാർ താമസക്കാർക്കൊപ്പമാണെന്ന് മന്ത്രി റോജി എം ജോൺ അറിയിച്ചു.
“താമസക്കാർക്ക് ഒപ്പമാണ് സർക്കാരെന്നും സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടുമെന്നും” അദ്ദേഹം വ്യക്തമാക്കി. കേസ് നടത്തിപ്പിൽ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്നും, സർക്കാർ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.
കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചില്ലെങ്കിൽ കുടുംബങ്ങളെ പൂർണമായി പുനരധിവസിപ്പിക്കുമെന്നും, ആരെയും തെരുവിലേക്ക് ഇറക്കില്ലെന്നും മന്ത്രി ഉറപ്പുനൽകി. നാളെ യാതൊരുവിധത്തിലുള്ള പൊലീസ് നടപടികളും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മീഷൻ പ്രവർത്തനങ്ങൾ സർക്കാർ നിയന്ത്രണത്തിലല്ലെന്നും കോടതിയിൽ എന്ത് സാഹചര്യം നേരിടാനും സർക്കാർ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പാവപ്പെട്ട
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ചില കോണുകളിൽ നിന്ന് ശ്രമം നടന്നതായി എംഎൽഎ സജീന്ദ്രൻ ആരോപിച്ചു. “കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ ഉള്ള ശ്രമം വിലപ്പോവില്ലെന്നും” അദ്ദേഹം പറഞ്ഞു.
സർക്കാരുമായി നടത്തിയ ചർച്ചയിൽ തൃപ്തിയുണ്ടെന്ന് കോളനി നിവാസികൾ പ്രതികരിച്ചു. നാളെ പൊലീസ് നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതായും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

