സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ തുക ചെലവഴിച്ച് വാങ്ങിയ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യാതെ കാലാവധി കഴിഞ്ഞ് നശിക്കുന്നു. പദ്ധതിയുടെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ച നൂറുകണക്കിന് കപ്പുകളാണ് കൃത്യമായ ബോധവൽക്കരണം ലഭിക്കാത്തതിനെ തുടർന്ന് ഉപയോഗശൂന്യമായി മാറിയിരിക്കുന്നത്.
നൂറു ശതമാനം സബ്സിഡി നിരക്കിൽ സ്ത്രീകൾക്ക് ഈ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനായിരുന്നു സർക്കാർ പദ്ധതി. പഞ്ചായത്തുകൾ, കുടുംബശ്രീ, ഗ്രാമസഭ എന്നിവയുടെ അംഗീകാരത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തിയെങ്കിലും, തുടർനടപടിയായ ബോധവൽക്കരണ ക്ലാസുകൾ മുടങ്ങിയതാണ് വിതരണം സ്തംഭിക്കാൻ കാരണം.
നാരങ്ങാനം പഞ്ചായത്തിൽ വികസനഫണ്ടിൽ നിന്ന് 3.44 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 1150 മെൻസ്ട്രൽ കപ്പുകളിൽ 205 എണ്ണം മാത്രമാണ് വിതരണം ചെയ്യാനായത്. ബാക്കി 945 കപ്പുകൾ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
പന്തളം തെക്കേക്കര പഞ്ചായത്തിൽ ഒരു ലക്ഷം രൂപ ചെലവിൽ വാങ്ങിയ 333 കപ്പുകൾ ഒരെണ്ണം പോലും വിതരണം ചെയ്തിട്ടില്ല. ഗുണഭോക്താക്കളുടെ എണ്ണം മുൻകൂട്ടി കണക്കാക്കാതെയാണ് ഇവിടെ കപ്പുകൾ വാങ്ങിയത്.
സമാനമായ സ്ഥിതിയാണ് കോന്നി, കടപ്ര, കുറ്റൂർ പഞ്ചായത്തുകളിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടപ്രയിൽ 985 കപ്പുകൾ വാങ്ങിയെങ്കിലും ഗുണഭോക്തൃ പട്ടികയിൽ ഉണ്ടായിരുന്നത് വെറും 80 പേർ മാത്രമാണ്.
കുറ്റൂർ പഞ്ചായത്തിൽ വാങ്ങിയ 1423 കപ്പുകളിൽ 571 എണ്ണം ഇപ്പോഴും വിതരണം ചെയ്യാനുണ്ട്. പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ മെൻസ്ട്രൽ കപ്പുകൾക്ക് വലിയ തോതിൽ ജനപ്രീതി ലഭിക്കേണ്ടതായിരുന്നു.
ശരിയായ ബോധവൽക്കരണം നൽകുന്നതിലൂടെയും ആശാ പ്രവർത്തകരുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയും പദ്ധതി മുന്നോട്ട് കൊണ്ടുപോയാൽ മാത്രമേ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാകൂ എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

