കെ-റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന വാർത്ത വലിയ ആശ്വാസത്തോടെയാണ് ചെങ്ങന്നൂർ കൊഴുവല്ലൂരിലെ തങ്കമ്മയും കുടുംബവും സ്വീകരിച്ചത്. 2022 മാർച്ച് 14-ന് തങ്കമ്മയുടെ വീടിനു മുന്നിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച മഞ്ഞക്കുറ്റി, പദ്ധതിക്കെതിരായ ജനകീയ പ്രതിരോധത്തിന്റെ വലിയൊരു അടയാളമായി ഇന്നും അവിടെയുണ്ട്.
അന്ന് അധികൃതർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ വന്നതോടെ, കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി 7.75 ലക്ഷം രൂപ ചെലവഴിച്ചാണ് തങ്കമ്മയ്ക്ക് പുതിയ വീട് നിർമിച്ചു നൽകിയത്. സമരപ്പന്തലുകളിൽ നട്ട
വാഴകളിൽ നിന്നും ലഭിച്ച ആദായം കൂടി ഈ നിർമ്മാണ പ്രവർത്തനത്തിനായി വിനിയോഗിച്ചു. പഴയ ഒറ്റമുറിക്കൂര ഉപേക്ഷിക്കപ്പെട്ട
പദ്ധതിയുടെ സ്മാരകം പോലെ ഇപ്പോഴും നിലനിൽക്കുമ്പോൾ, സമീപത്തെ മഞ്ഞക്കുറ്റി സമരവിജയത്തിന്റെ പ്രതീകമായി മാറുന്നു. “വലിയ സന്തോഷമുണ്ട്.
വീട് നഷ്ടപ്പെടുമെന്നതിനെക്കാൾ ആകെയുള്ള മൂന്നര സെന്റ് ഭൂമി നഷ്ടപ്പെടുമെന്ന വേദനയായിരുന്നു ഉള്ളിൽ. അമ്മ ഉൾപ്പെടെ പൂർവികർ താമസിച്ച മണ്ണാണ്.
അതു കൈവിട്ടു പോകില്ല എന്നറിഞ്ഞപ്പോോൾ സന്തോഷം’’ എന്ന് തങ്കമ്മ പ്രതികരിച്ചു. അതേസമയം, ചെങ്ങന്നൂർ മുളക്കുഴ ജംക്ഷനിൽ ഒത്തുചേർന്ന സമരസമിതി പ്രവർത്തകർ സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിലെ സന്തോഷം പങ്കുവെച്ചു.
2022 മാർച്ച് 4 മുതൽ സംഘർഷഭരിതമായ മുളക്കുഴയിലെ അനുഭവങ്ങൾ അവർ ഓർത്തെടുത്തു. ഊരിക്കടവ് പാലത്തിനു സമീപം ആദ്യ മഞ്ഞക്കുറ്റി സ്ഥാപിച്ചപ്പോൾ നടന്ന പൊലീസ് നടപടികൾ, സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറിയതും, ശാന്തമ്മ സ്റ്റീഫൻ ഉൾപ്പെടെയുള്ളവർക്ക് നേരിടേണ്ടി വന്ന ശാരീരിക പീഡനങ്ങളും ഇന്നും അവർക്ക് കയ്പ്പേറിയ ഓർമ്മകളാണ്.
പദ്ധതിക്കെതിരെ സ്വന്തം ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിച്ച റെജി തോമസ് ഉൾപ്പെടെയുള്ളവരുടെ വേദനകളും സമരസമിതി നേതാക്കൾ പങ്കുവെച്ചു. കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനത്തിൽ, ‘കെ റെയിൽ വരില്ല കേട്ടോ’ എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.
പള്ളിക്കൽ, നൂറനാട്, വെൺമണി, ചെങ്ങന്നൂർ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു സിൽവർ ലൈൻ വിരുദ്ധ സമരം ഏറെയും നടന്നത്. പടനിലം ക്ഷേത്രത്തിലെ ഉത്സവങ്ങളെ ബാധിക്കുന്ന പദ്ധതി അലൈൻമെന്റിനെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
നൂറനാട് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരവും, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഒപ്പുശേഖരണങ്ങളും സമരത്തെ കൂടുതൽ ജനകീയമാക്കി. ജില്ലയിൽ മാത്രം 42.0884 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നെങ്കിലും, ശക്തമായ ജനകീയ ഇടപെടലുകൾ പദ്ധതിയെ പിന്തിരിപ്പിച്ചു.
സമരവുമായി ബന്ധപ്പെട്ട് ജില്ലയിൽ രജിസ്റ്റർ ചെയ്ത 41 കേസുകളിൽ 33 എണ്ണം ഇതിനകം തീർപ്പാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

