ആമ്പല്ലൂർ മേഖലയിലെ ദേശീയപാതയിൽ നടക്കുന്ന അശാസ്ത്രീയമായ അടിപ്പാത നിർമാണം പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാകുമെന്ന് ആശങ്ക ഉയരുന്നു. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയ്നേജ് സംവിധാനങ്ങൾ നിർമിക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
ദേശീയപാതയിൽ അടിപ്പാതയുള്ള ഭാഗങ്ങളിൽ പടിഞ്ഞാറോട്ട് ഒഴുകിയെത്തുന്ന വെള്ളം നെന്മണിക്കര പ്രദേശത്തേക്ക് തിരിയുന്നതാണ് നിലവിലെ സാഹചര്യം. ഈ വെള്ളം സുഗമമായി ഒഴുക്കിക്കളയാൻ സംവിധാനമില്ലാത്തത് മൂലം നെന്മണിക്കരയിലേക്കുള്ള മൂന്ന് പ്രധാന റോഡുകളുടെയും പ്രവേശനഭാഗങ്ങളിൽ വെള്ളക്കെട്ടും ചെളിയും നിറയാൻ സാധ്യതയുണ്ട്.
ഇതിലൂടെ അഞ്ഞൂറിലധികം വീടുകൾ, വിവിധ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഗതാഗതം തടസ്സപ്പെടുകയോ അപകടാവസ്ഥയിലാവുകയോ ചെയ്തേക്കാം. പ്രശ്നത്തിൽ നെന്മണിക്കര പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയെത്തുടർന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ആമ്പല്ലൂരിൽ നേരിട്ടെത്തി പരിശോധന നടത്തി.
മഴക്കാലത്തിന് മുൻപായി പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരം കാണണമെന്നും, ദേശീയപാതയ്ക്ക് കുറുകെ വെള്ളം പുഴയിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കണമെന്നുമാണ് പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യം. പരിശോധനയുടെ ഭാഗമായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എത്തിയപ്പോൾ, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

