പൂച്ചാക്കൽ: പെരുമ്പളം നിവാസികളുടെ ദീർഘകാല സ്വപ്നമായിരുന്ന പെരുമ്പളം പാലം യാഥാർത്ഥ്യമായിട്ട് രണ്ട് മാസം പിന്നിടുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ അപൂർണ്ണമായി തുടരുന്നു. മാർച്ച് 7ന് പാലം ഉദ്ഘാടനം ചെയ്തെങ്കിലും, ടാറിങ് അടക്കമുള്ള അടിസ്ഥാന ജോലികൾ പൂർത്തിയാകാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് ആരംഭിക്കുമെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നുമായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ, നിലവിൽ ആദ്യഘട്ട
ടാറിങ് പോലും പൂർണ്ണമായി നടന്നിട്ടില്ല. പാലത്തിലും അപ്രോച്ച് റോഡിലും രണ്ടാം ഘട്ട
ടാറിങ് ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
രാത്രികാലങ്ങളിൽ ആവശ്യമായ തെരുവുവിളക്കുകൾ പോലും പാലത്തിൽ സ്ഥാപിച്ചിട്ടില്ല. കെൽട്രോണിന് കരാർ നൽകിയതായി അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, തുടർനടപടികളിൽ വലിയ കാലതാമസമാണ് അനുഭവപ്പെടുന്നത്.
പാലത്തിൽ അനധികൃത പാർക്കിങ്ങും കച്ചവടങ്ങളും വ്യാപകമായതോടെ മാലിന്യ നിക്ഷേപവും വർദ്ധിച്ചിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കായലിലേക്കും പാലത്തിലേക്കും തള്ളുന്ന പ്രവണതയും കൂടിവരികയാണ്.
കൂടാതെ രാത്രിസമയങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്ന പരാതിയും ഉയരുന്നുണ്ട്. പാലം ഉദ്ഘാടന ദിവസം എറണാകുളം, കോട്ടയം ജില്ലകളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് പ്രഖ്യാപിക്കുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തിരുന്നെങ്കിലും പിന്നീട് സർവീസ് പുനരാരംഭിച്ചിട്ടില്ല.
ടാറിങ് പൂർത്തിയായ ശേഷം മാത്രമേ ബസ് സർവീസ് തുടങ്ങുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്. അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമ്മാണം തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാർ വിശദീകരിക്കുന്നു.
പാലത്തിലും അപ്രോച്ച് റോഡിലും നിർമ്മാണ യന്ത്രങ്ങളും മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളും കൂട്ടിയിട്ടിരിക്കുന്നത് രാത്രിസമയങ്ങളിൽ വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

