ആലപ്പുഴ ജില്ലാക്കോടതി പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി തെക്കേക്കരയിലും വടക്കേക്കരയിലും വഴിതിരിച്ചുവിട്ട സർവീസ് റോഡുകൾ അതീവ ശോചനീയാവസ്ഥയിൽ.
കല്ലും ചെളിയും നിറഞ്ഞ് കുഴികളായതോടെ ഈ പാതകൾ വാഹനയാത്രക്കാർക്ക് ഭീഷണിയാവുകയാണ്. തെക്കേക്കരയിലെ റോഡ് തിരഞ്ഞടുപ്പിന് തൊട്ടുമുമ്പായി തിടുക്കപ്പെട്ട് തുറന്നുകൊടുത്തെങ്കിലും, തുടർന്ന് കിഫ്ബി ഉദ്യോഗസ്ഥരോ കരാർ കമ്പനിയോ കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയില്ല.
എസ്ഡിവി സ്കൂൾ മുതൽ മുനിസിപ്പൽ ലൈബ്രറി വരെയുള്ള ഭാഗം ആദ്യഘട്ടത്തിൽ തന്നെ സർവീസ് റോഡായി അനുവദിച്ചിരുന്നെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. അന്നത്തെ നഗരസഭാധികൃതരും പിന്നീട് ചുമതലയേറ്റ നിലവിലെ ഭരണസമിതിയും റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും നടപടികൾ കടലാസിൽ ഒതുങ്ങി.
ടൈലുകളും വലിയ കല്ലുകളും ഇളകിയ റോഡിലൂടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് നിത്യേന അപകടത്തിൽപ്പെടുന്നത്. മുല്ലയ്ക്കൽ മുതൽ അലുക്കാസ് വരെയും, മുല്ലയ്ക്കൽ മുതൽ ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് വരെയുമുള്ള സർവീസ് റോഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല.
വ്യാപാരികളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിൽ മൂന്ന് മീറ്റർ വീതിയിൽ റോഡ് അനുവദിച്ചെങ്കിലും, ഇപ്പോൾ വലിയ കുഴികളും നിർമ്മാണാവശിഷ്ടങ്ങളും കാരണം ഗതാഗതം ദുസ്സഹമാണ്. മഴ ശക്തമായതോടെ ചെളിയടിഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായി.
കൂടാതെ, സർവീസ് റോഡിനടിയിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പ് ലൈൻ ഭാരവാഹനങ്ങൾ കയറുമ്പോൾ പൊട്ടുന്നത് പതിവായിരിക്കുകയാണ്. പാലം നിർമ്മാണം പൂർത്തിയാകും വരെ പൈപ്പ് ലൈനിലൂടെയുള്ള ജലവിതരണത്തിന് ബദൽ സംവിധാനം ഒരുക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
അതേസമയം, പാലം നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. മാർച്ച് മാസം മുതൽ മന്ദഗതിയിലായ നിർമ്മാണം ഏപ്രിൽ ആദ്യം മുതൽ പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
കരാർ കമ്പനിയിലെ നൂറിലധികം അതിഥിത്തൊഴിലാളികൾ വോട്ടുചെയ്യാനായി പശ്ചിമബംഗാളിലേക്ക് പോയ ശേഷം തിരികെ എത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും കിഫ്ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയും നിർമ്മാണത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

