പ്രശസ്ത ഓഡിയോബുക്ക് പ്ലാറ്റ്ഫോമായ ഓഡിബിളിന്റെ (Audible) ആൻഡ്രോയിഡ് ആപ്പിൽ ഉണ്ടായ സാങ്കേതിക തകരാർ ഉപയോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതായി റിപ്പോർട്ട്. ആപ്പിലെ ബഗ് കാരണം സാധാരണയിൽ കവിഞ്ഞ അളവിൽ മൊബൈൽ ഡാറ്റ നഷ്ടപ്പെടുന്നതായാണ് ഉപയോക്താക്കളുടെ പ്രധാന പരാതി.
കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ മെഗാബൈറ്റുകൾ മാത്രം ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പത്തുകണക്കിന് ജിബി ഡാറ്റയാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. വൈഫൈ കണക്ഷൻ വഴി മാത്രം ഡൗൺലോഡ് ചെയ്യാനുള്ള ക്രമീകരണം ആപ്പ് അവഗണിക്കുന്നതാണ് പലർക്കും വിനയാകുന്നത്.
ഇതിനെത്തുടർന്ന് ഉപയോക്താക്കളുടെ പ്രതിമാസ ഡാറ്റാ പരിധി അതിവേഗം തീരുകയും, അധിക ചാർജുകൾ നൽകേണ്ട അവസ്ഥ വരികയും ചെയ്യുന്നു.
റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ഉപയോക്താക്കളാണ് ഈ പ്രശ്നം ഉന്നയിച്ചിരിക്കുന്നത്. 15 ജിബി മുതൽ 20 ജിബി വരെ ഡാറ്റ അനാവശ്യമായി ചിലവായതായി പരാതികളുണ്ട്.
നിലവിൽ ആപ്പിന്റെ 26.19.13 എന്ന പതിപ്പാണ് ഈ തകരാറിന് കാരണമെന്നാണ് സൂചന. ക്ലൗഡ് സിങ്കിംഗിലും ലൈസൻസ് വെരിഫിക്കേഷനിലുമുള്ള പിഴവുകൾ കാരണം ഓഡിയോബുക്കുകൾ വീണ്ടും വീണ്ടും ഡൗൺലോഡ് ചെയ്യപ്പെടുന്നതാണ് ഡാറ്റാ നഷ്ടത്തിന് കാരണമെന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആപ്പിലെ ഹോം സ്ക്രീനിലുള്ള ആനിമേറ്റഡ് പോസ്റ്ററുകൾ നീക്കം ചെയ്തതോടെ ഡാറ്റാ ഉപയോഗം സാധാരണ നിലയിലായതായി ചില ഉപയോക്താക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും, നഷ്ടപ്പെടുന്ന ഡാറ്റയുടെ അളവ് നോക്കുമ്പോൾ ഇതൊരു പ്രധാന കാരണമാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഉപയോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ഓഡിബിൾ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.
പ്രശ്നം കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ പരിഹാരം ലഭ്യമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

