പാവറട്ടിയിൽ അതിഥിത്തൊഴിലാളികൾ അപ്രതീക്ഷിതമായി പണിമുടക്കിയത് നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു. കൂലിയിൽ വലിയ തോതിലുള്ള വർധനവ് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.
ഇന്നലെ രാവിലെ പാവറട്ടി ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം അരങ്ങേറിയത്. സാധാരണയായി തൊഴിൽ തേടി അതിഥിത്തൊഴിലാളികൾ ഒത്തുചേരുന്ന സ്ഥലമാണിത്.
ഹെൽപ്പർമാർക്ക് ദിവസക്കൂലിയായി 1400 രൂപ നൽകണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. ഈ തുക നൽകാതെ ജോലിക്ക് ഇറങ്ങാൻ കഴിയില്ലെന്ന് ഇവർ കർശനമായി നിലപാടെടുത്തു.
ഇതിനിടെ, നിലവിലെ കൂലി നിരക്കിൽ ജോലി ചെയ്യാൻ തയ്യാറായി എത്തിയ മറ്റ് തൊഴിലാളികളെ ഇവർ തടഞ്ഞത് സംഘർഷാവസ്ഥയിലേക്ക് നയിച്ചു. പശ്ചിമബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ് ഈ സമരത്തിന് നേതൃത്വം നൽകിയതെന്ന് റിപ്പോർട്ടുകളുണ്ട്.
വിവരമറിഞ്ഞ് പാവറട്ടി പൊലീസ് സ്ഥലത്തെത്തിയതോടെ പ്രതിഷേധക്കാർ പിരിഞ്ഞുപോയി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയെത്തിയ തൊഴിലാളികളാണ് പെട്ടെന്നുള്ള ഈ കൂലി വർധന ആവശ്യവുമായി രംഗത്തെത്തിയത്.
നിലവിൽ വിദഗ്ധ തൊഴിലാളികൾക്ക് 1100 രൂപയും ഹെൽപ്പർമാർക്ക് 900 മുതൽ 950 രൂപ വരെയുമാണ് നൽകിവരുന്നത്. തൊഴിൽ മേഖലയിലെ തൊഴിലാളിക്ഷാമം മുതലെടുക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമമെന്ന് കരാറുകാർ ആരോപിക്കുന്നു.
നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം നിർമ്മാണ മേഖല വലിയ പ്രതിസന്ധിയിലാണെന്നും, ഹെൽപ്പർമാർക്ക് ഇത്രയും ഉയർന്ന വേതനം നൽകിയാൽ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങുമെന്നും കരാറുകാരനായ സാംസൺ ചിരിയങ്കണ്ടത്ത് വ്യക്തമാക്കി. വിഷയത്തിൽ പഞ്ചായത്തും പൊലീസും അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്നാണ് കരാറുകാരുടെയും തൊഴിലുടമകളുടെയും ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

