ദേശീയപാത 66-ൽ കാവനാട് ആൽത്തറമൂടിന് സമീപം ചെപ്പള്ളിമുക്കിലെ ഉയരപ്പാതയിൽ കണ്ടെത്തിയ വിള്ളലുകളെത്തുടർന്ന് അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം. അപകടസാധ്യത മുൻനിർത്തി, വിഷയത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ജില്ലാ കലക്ടർ എൻ.ദേവിദാസ് നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു.
റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കരാറുകാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ ജിയോളജിസ്റ്റ്, ഗ്രൗണ്ട് വാട്ടർ വിഭാഗം ജില്ലാ മേധാവി എന്നിവരടങ്ങുന്നതാണ് സമിതി.
ഇവർ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിന് കൈമാറുമെന്ന് കലക്ടർ അറിയിച്ചു.
വിള്ളലുണ്ടായ സ്ഥലം കലക്ടർ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മന്ത്രി ഷിബു ബേബിജോണും വിഷയത്തിൽ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
സ്ഥലം സന്ദർശിച്ച സംഘത്തിൽ നിർമാണ കമ്പനി പ്രതിനിധികൾ, ദേശീയപാത ഉദ്യോഗസ്ഥർ, കൗൺസിലർ ദീപു ഗംഗാധരൻ, മുൻകൗൺസിലർ എം.പുഷ്പാംഗദൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഏകദേശം 100 മീറ്റർ നീളത്തിലാണ് ഉയരപ്പാതയിൽ വിള്ളലുകൾ രൂപപ്പെട്ടത്.
കാവനാട് ആൽത്തറമൂട്ടിൽ നിന്ന് കടവൂർ ഭാഗത്തേക്കുള്ള പാതയിലാണ് ആദ്യം വിള്ളൽ ദൃശ്യമായത്. ഗതാഗതത്തിനായി തുറന്നുകൊടുക്കാത്ത പാതയിൽ കാൽനടയാത്രക്കാരാണ് ഇത് ആദ്യം ശ്രദ്ധിച്ചത്.
തുടർന്ന് എതിർവശത്തെ പാതയിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. കരാർ കമ്പനി ടാർ ഉപയോഗിച്ച് വിള്ളലുകൾ അടയ്ക്കാൻ ശ്രമിച്ചെങ്കിലും വിടവ് വർധിക്കുകയാണ് ഉണ്ടായത്.
പിന്നീട് റോഡ് ഒരടി താഴ്ചയിൽ പൊളിച്ചു പണിയാൻ ശ്രമിച്ചപ്പോൾ കൗൺസിലർ ദീപു ഗംഗാധരന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയും നിർമ്മാണം തടയുകയും ചെയ്തു. കാവനാട് മുതൽ ശക്തികുളങ്ങര വരെ തൂണുകളിൽ മേൽപാലം നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

